തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന് ജില്ലയിൽ ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉത്തരവാദിത്തം ഇത്തരം സ്ഥലങ്ങളിലെ മാനേജ്മെന്റുകൾക്കായിരിക്കും.
മാനേജ്മെന്റോ സംഘാടകരോ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്നവർക്ക് എൻട്രി രജിസ്റ്റർ സൂക്ഷിക്കണം. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി പ്രവർത്തനക്ഷമമായിരിക്കണം.
ആഘോഷ പരിപാടികൾ നടക്കുന്ന വേദികളിലും പൊതുസ്ഥലങ്ങളിലും ബീച്ചുകളിലുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കും. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാനും പിടികൂടാനുമായി പുരുഷ/വനിത മഫ്തി ടീമുകളുണ്ടാകും. തീരദേശ മേഖലകളിൽ തീരദേശവാസികൾ മത്സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് പതിവുള്ളതിനാൽ കടലുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിങ് ശക്തമാക്കുമെന്നും കമീഷണർ അറിയിച്ചു.
വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പുതുവത്സരാഘോഷ പരിപാടി കാണാൻ പോകുന്നവർ വാഹനത്തിൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണമെന്ന് കമീഷണർ അറിയിച്ചു.
പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റും.
ട്രാഫിക് സംബന്ധമായ പരാതികളും നിർദേശങ്ങളും 9497987002, 9497987001 നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.
ആഘോഷവേളകളിൽ പൊലീസിന് തലവേദനയാകുന്ന മാനവീയം വീഥിയിൽ പുതുവത്സരദിനത്തിൽ ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും. വീഥിയിലേക്കെത്തുന്ന എല്ലാവരെയും പൊലീസ് പരിശോധിക്കും. മഫ്തി പൊലീസ് പട്രോളിങ് നടത്തും. മദ്യപിച്ച് മോശമായി പെരുമാറുന്നവരെ കർശനമായി നേരിടും. അശ്രദ്ധയോടും മദ്യ പിച്ചും വാഹനമോടിക്കുന്നതുമായ എല്ലാവരുടേയും വാഹനങ്ങൾ പിടിച്ചെടുക്കുകയും അവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.