ആലപ്പുഴ: കുറ്റിക്കാട്ടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, ജില്ല ശിശുസംരക്ഷണ ഓഫിസർ ടി.വി. മിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രി സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച് അപകടത്തിലാക്കിയ കുറ്റവാളികൾക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ നോർത്ത് പൊലീസിനോട് നിർദേശിച്ചു. കേസ് അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് എത്രയും വേഗം കമീഷനിൽ സമർപ്പിക്കണം. ശിശുരോഗ വിദഗ്ധ ഡോ. സംഗീതയുമായി കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ തേടി. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിന് സൗജന്യ ചികിത്സ നൽകണമെന്ന് സൂപ്രണ്ടിന് നിർദേശം നൽകി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്ന മുറക്ക് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധരായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അഭിനന്ദിച്ചു.
വെള്ളിയാഴ്ച രാവിലെ 11ന് തുമ്പോളി വികസന ജങ്ഷനുസമീപത്തെ കുറ്റിക്കാട്ടിലാണ് ജനിച്ച് അധികംസമയം ആകാത്ത പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ അന്തർ സംസ്ഥാനക്കാർ കുഞ്ഞിന്റെ കരച്ചിൽകേട്ട് നാട്ടുകാരെ വിവരമറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇതേദിവസം ഒരുമണിക്കൂർ മുമ്പ് വനിത-ശിശു ആശുപത്രിയിൽ വയറുവേദനയാണെന്ന് പറഞ്ഞ് രക്തസ്രാവത്തോടെ ചികിത്സതേടിയെത്തിയ യുവതിയാണ് പ്രസവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പൊലീസും ഈ നിഗമനം ശരിവെച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവതിയുടെ മൊഴി നിർണായകമാണ്. നിലവിൽ കുട്ടി തന്റേതല്ലെന്ന നിലപാടിലാണ് ഇവർ. ഈസാഹചര്യത്തിൽ അമ്മയെ കണ്ടെത്താൻ ഡി.എൻ.എ അടക്കം ശാസ്ത്രീയ പരിശോധന വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.