കോഴിക്കോട്: കാത്തിരിപ്പിന് മരണത്തിലൂടെയെങ്കിലും ഉത്തരമായത് അർജുന്റെ കുടുംബത്തിന് ആശ്വാസമായി. ഏറെ സങ്കടകരമായ വാർത്തയാണ് ബുധനാഴ്ച ഉച്ചയോടെ കുടുംബത്തിലെത്തിയതെങ്കിലും ഊണും ഉറക്കവുമില്ലാതെ 71 ദിവസം കഴിച്ചുകൂട്ടിയ കുടുംബത്തിന് അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത് വലിയൊരാശ്വാസമാണ് നൽകുന്നത്.
മകനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ മതിയെന്ന ചിന്തയായിരുന്നു അർജുന്റെ പിതാവ് പ്രേമനും കുടുംബത്തിനും. തിരച്ചിൽ വൈകിയാൽ ജീവൻ അപകടപ്പെടുമെന്നുകരുതി കെഞ്ചിയും കരഞ്ഞും ഭീഷണിപ്പെടുത്തിയും കുടുംബം ആദ്യനാളുകളിൽ ചെറുത്തുനിന്നു. കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം നാട് പ്രതിഷേധ സമരങ്ങൾവരെ സംഘടിപ്പിച്ച് ഒപ്പംനിന്നു. കുടുംബം ഒറ്റപ്പെടാതിരിക്കാൻ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലിനൽകി പാർട്ടിയും ചേർത്തുപിടിച്ചു.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ജോലിയിൽ പ്രവേശിച്ച കൃഷ്ണപ്രിയ ജോലിക്കിടെയാണ് ബുധനാഴ്ച ഉച്ചയോടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞത്. ഉടൻ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. വീട്ടിൽ കയറി രണ്ടര വയസ്സുള്ള മകൻ അയനെ തോളിലെടുത്ത് അകത്തേക്കുപോയി. ഡ്രഡ്ജിങ് തുടങ്ങിയ ആദ്യ ദിവസം മുതൽ സഹോദരൻ അഭിജിത്തും സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും ഷിരൂരിലായിരുന്നു. അഞ്ജു ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തി. തളർന്നുകിടക്കുന്നവരെ ആശ്വസിപ്പിക്കാനാവാതെ ഒപ്പം നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.