അരമണിക്കൂര്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ മാതാപിതാക്കളെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് രഞ്​ജിത്

നെയ്യാറ്റിന്‍കര: ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിച്ചിരുന്നെങ്കില്‍ അഛനും അമ്മക്കും ഈ ഗതിവരില്ലായിരുന്നുവെന്നാണ്​  രാഹുലും രഞ്​ജിത്തും കണ്ടവരോടെല്ലാം പറയുന്നത്. വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരോട് നെയ്യാറ്റിൻകരയിലെ രാജന്‍ പറഞ്ഞത് 'സാറേ എനിക്ക്​ ഭക്ഷണം കഴിക്കാനുള്ള സമയം തരണം, ഞാന്‍ ഭക്ഷണം കഴിച്ചിട്ടിച്ച് മാറിത്തരാം' എന്നായിരുന്നു. ഇത് കേൾക്കാതെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കോളറില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചതോടെയാണ് രാജന്‍ നിയന്ത്രണം നഷ്​ടപ്പെട്ടപോലെ പ്രവർത്തിച്ചത്​.

ബൈക്കില്‍ ഒഴിക്കുന്നതിനായി വാങ്ങി വെച്ചിരുന്ന പെട്രോൾ രാജനും ഭാര്യ അമ്പിളിയും ശരീരത്തിലൊഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു. 'സാറെ വീട്ടിനുള്ളില്‍ കയറരുത് കയറിയാല്‍ ഞാങ്ങള്‍ തീ കൊളുത്തി മരിക്കും' -അവർ നിലവിളിക്കുകയായിരുന്നു.  ഈ വാക്ക് കേൾക്കാതെ ലൈറ്റര്‍ തട്ടിമാറ്റാന്‍  ഗ്രേഡ് എസ്.ഐ. അനില്‍ ശ്രമിച്ചതോടെ ശരീരത്തില്‍ തീ പടരുകയായിരുന്നു. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ വന്ന വാഹനത്തിലാണ്​ പൊള്ളലേറ്റ് കിടന്ന ഇരുവരെയും നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചത്.

അരമണിക്കൂറിനുള്ളില്‍ തങ്ങള്‍ക്ക് അനുകൂല വിധിയെത്തുമെന്ന പ്രതീക്ഷ രാജനുണ്ടായിരുന്നു. എന്‍റെ അച്ചന്‍ പറഞ്ഞ അരമണിക്കൂര്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കുടുംബം നഷ്ടപ്പെടില്ലായിരുന്നുവെന്ന് രഞ്​ജിത്​ നിറ കണ്ണുകളോടെ വിവരിക്കുന്നത് കണ്ട് നിന്നവരെയും കണ്ണീരിലാഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.