നെയ്യാറ്റിൻകരയിൽ കുടുംബത്തെ കുടിയൊഴിപ്പിക്കാൻ എത്തിയപ്പോഴും അച്ഛന്റെ കുഴിമാടം വെട്ടുന്ന കൗമാരക്കാരനായ മകനെ തടയാൻ എത്തിയപ്പോഴുമുള്ള പൊലീസിന്‍റെ ഇടപെടലുകൾക്കെതിരെ വിമർശനങ്ങൾ ഉയരുേമ്പാൾ കാഞ്ഞിരപ്പള്ളിക്കാർ മൂന്ന് വർഷം മുമ്പ് നടന്ന ഒരു കുടിയൊഴിപ്പിക്കലിന്‍റെ ഓർമ്മയിലാണ്. വിധവയും രോഗിയുമായ വീട്ടമ്മയെയും ഏക മകളെയും കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കേണ്ടിവന്നപ്പോൾ, അതിനെ മാതൃകാപരമായ രീതിയിലാണ് കാഞ്ഞിരപ്പള്ളി പൊലീസ് കൈകാര്യം ചെയ്തത്.
നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കുടിയൊഴിപ്പിക്കുകയും അതേസമയം, നിരാലാംബരായ ആ കുടുംബത്തിന് സുരക്ഷയൊരുക്കുകയും ചെയ്താണ് കാഞ്ഞിരപ്പള്ളി പൊലീസ് മാതൃകയായത്. അന്നത്തെ എസ്.ഐ അൻസൽ അതിന് നേതൃത്വം നൽകിയപ്പോൾ തൈപ്പറമ്പിൽ ബബിത ഷാനവാസ് എന്ന വീട്ടമ്മയും സൈബ എന്ന മകളും വീടിന്‍റെ സുരക്ഷയിലേക്ക് ചേക്കേറി. ജപ്തി നടപടിക്ക് സ്റ്റേ ലഭിക്കാതെ വന്നപ്പോൾ രോഗിയായ ബബിതയെയും മകളെയും ആദ്യം വാടക വീട്ടിലേക്ക് മാറ്റിയ പൊലീസ് പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അവർക്ക് സ്വന്തം വീടൊരുക്കി നൽകുകയായിരുന്നു.
2017 മാർച്ച് 20നാണ് ബബിതയെയും മകളെയും പൂതക്കുഴിയിലെ ഒറ്റമുറി വീട്ടിൽ നിന്ന് പൊലീസിന് കുടിയൊഴിപ്പിക്കേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച കേസിനെ തുടർന്ന് ഇവരെ കുടിയൊഴിപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവ് നടപ്പാക്കാൻ പൊലീസ് സഹായം തേടിയ കോടതി ജീവനക്കാർക്കൊപ്പം ബബിതയുടെ വീട്ടിലെത്തിയപ്പോളാണ് അവരുടെ ദൈന്യത അൻസലിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അടച്ചുറപ്പില്ലാത്ത, വൈദ്യുതി പോലുമില്ലാത്ത ആ വീട്ടിൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു രോഗിയായ ബബിത. അന്ന് 14 വയസ്സായിരുന്നു മകൾ സൈബക്ക്.
അന്ന് കുടിയൊഴിപ്പിക്കാതെ അവരുടെ അവസ്ഥ കോടതിയെ അറിയിക്കാമെന്ന വാക്ക് നൽകിയാണ് അൻസലും സംഘവും മടങ്ങിയത്. എന്നാൽ, നിർബന്ധമായും ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇത് നടപ്പാക്കാൻ പൊലീസ് വീണ്ടും വീട്ടിലെത്തിയപ്പോൾ ഹൈകോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് ലഭിക്കുമെന്നായിരുന്നു ബബിതയുടെ പ്രതീക്ഷ. എന്നാൽ, അതും അസ്ഥാനത്തായപ്പോൾ പൊലീസിന് കുടിയൊഴിപ്പിക്കൽ നടപടിയിലേക്ക് കടക്കേണ്ടി വന്നു.
എഴുന്നേൽക്കാൻ കഴിയാത്ത ബബിതയെ കിടക്കയോടെ എടുത്ത് ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഡിസ്ചാർജ് ചെയ്തപ്പോൾ ബബിതയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി.
ബബിതയുടെ വാർത്ത പുറംലോകം അറിഞ്ഞതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. അവർ അക്കൗണ്ടിൽ ഇട്ട പൈസ കൊണ്ട് അഞ്ച് സെന്‍റ് ഭൂമി വാങ്ങിച്ചു. വീണ്ടും സഹായം ഒഴുകിയെത്തിയപ്പോൾ 12 ലക്ഷം രൂപക്ക് വീടും പൂർത്തിയായി. 2018ലെ റിപ്പബ്ലിക് ദിനത്തിൽ മന്ത്രി എം.എം. മണിയാണ് വീടിന്‍റെ താക്കോൽദാനം നിർവഹിച്ചത്. സൈബ ഇന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. എ.എസ്. അൻസൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.