വടകര: ദേശീയപാത സ്ഥലമേറ്റെടുപ്പിെൻറ ഭാഗമായി ഭൂമി വില നിശ്ചയിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഉരുണ്ടുകളി തുടരുന്നു. വടകര നിയോജക മണ്ഡലത്തിലെ അഴിയൂര്‍, ഒഞ്ചിയം വില്ലേജുകളില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ല കലക്ടര്‍ ഇറക്കിയ ഉത്തരവിന് നിയമസാധുത ഇല്ലെന്നാണ് നാഷനല്‍ ഹൈവേ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അഴിയൂര്‍, ഒഞ്ചിയം വില്ലേജുകളിലെ ഭൂമി വില സംബന്ധിച്ച് ജില്ല കലക്ടര്‍ യു.വി. ജോസ് ഉത്തരവിറക്കിയിരുന്നു. എല്ലാ ആനുകൂല്യങ്ങളും ചേര്‍ന്ന് ഉയര്‍ന്ന വില ലഭിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിന് നിയമ സാധുതയില്ലെന്നാണ് ദേശീയപാത അതോറിറ്റി വിവരാവകാശ മറുപടിയില്‍ പറയുന്നത്.
അഴിയൂരില്‍ കമ്പോള വിലയും പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള്‍ സര്‍വേ നടപടികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ല കലക്ടര്‍ യു.വി. ജോസും റവന്യൂ അധികൃതരും ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചക്കിടയിലാണ് വില നിര്‍ണയിച്ചതായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണിത് ഉത്തരവായി ഇറക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത തേടി പ്രദേശത്തെ ഭൂവുടമകള്‍ അതോറിറ്റിക്ക് വിവരാവകാശം സമര്‍പ്പിച്ചതോടെയാണ് വില നിര്‍ണയം തള്ളിയ വിവരം പുറത്തുവന്നത്.
ഇല്ലാത്ത വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഭൂവുടമകളെ വഞ്ചിക്കുന്ന നിലപാട് കലക്ടറുടെ പദവിക്ക് നിരക്കാത്തതാണെന്ന് ദേശീയപാത കര്‍മസമിതി കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ അടിസ്ഥാന വിലയായി ഒന്നരലക്ഷം രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയിരുന്നു. ഇതിെൻറ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹിയിലെത്തി ഹൈവേ അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
ഇതിനുപുറമെ, ഭൂഉടമകള്‍ വടകര ലാൻഡ് അക്വിസിഷന്‍ തഹസില്‍ദാറോട് വിവരാവകാശം മുഖേന ഭൂമി വില നിര്‍ണയം സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് വില നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നാണ് മറുപടി. ന്യായവില പ്രഖ്യാപിക്കാതെയുള്ള സര്‍വേക്കെതിരെ ഭൂഉടമകള്‍ നടത്തുന്ന സമരം പൊളിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇത്തരം ഉത്തരവുകള്ക്കുള്ളതെന്നാണ് കര്‍മസമിതി ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.