കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കണമെന്ന് എൻ.ഐ.എ. പ്രതികളെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തപ്പോൾ മുദ്രവെച്ച് കസ്റ്റഡിയിലെടുത്ത സന്ദീപ് നായരുടെ ബാഗാണ് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയത്.
കേസുമായി ബന്ധമുള്ളവരുടെ കൂടുതൽ വിവരങ്ങൾ ഈ ബാഗ് പരിശോധിച്ചാൽ ലഭിക്കുമെന്നാണ് എൻ.ഐ.എ അവകാശപ്പെടുന്നത്.
ബാഗ് പരിശോധനക്കായി കോടതിയിൽ പ്രത്യേക അപേക്ഷയും നൽകിയിട്ടുണ്ട്. ഈ അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതികൾക്കുവേണ്ടി ഹാജരാകുന്നതിന് രണ്ട് അഭിഭാഷകർ എത്തിയെങ്കിലും പ്രതികൾ ഇവരെ ആവശ്യമില്ലെന്ന് അറിയിച്ചു. ഇതേതുടർന്ന് കോടതി നിയമിച്ച അഭിഭാഷകയാണ് ഇവർക്കുവേണ്ടി ഹാജരായത്. ചോദ്യം ചെയ്യലിൽ ഓരോ മൂന്ന് മണിക്കൂർ കഴിയുേമ്പാഴും ഓരോ മണിക്കൂർ ഇടവേള വേണമെന്നും അഭിഭാഷകന് കാണാനുള്ള സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് പ്രതികള്‍ 14.82 കോടി വിലയും 30 കിലോ തൂക്കവും വരുന്ന 24 കാരറ്റ് സ്വര്‍ണം കടത്തിയത്. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥന് യു.എ.ഇയിലെ കുടുംബം അയച്ച ഭക്ഷ്യവസ്തുക്കളാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിശദ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.