മംഗളൂരു: വയനാട് വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥെൻറ ബൈക്ക് കത്തിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് മാവോവാദികളെ കണ്ടെത്തുന്നവര്‍ക്ക് പത്തുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ബെല്‍ത്തങ്ങാടി താലൂക്ക് കുത്തല്ലൂര്‍ കോട്ടയന്തക്കയിലെ ഗീത എന്ന സുന്ദരി, റായ്ചൂര്‍ ജില്ലയിൽ അരോളി അംബേദ്കര്‍ കോളനിയിലെ ജയന്‍ എന്ന മഹേഷ് എന്നിവരെ പിടികൂടുന്നവര്‍ക്കാണ് പാരിതോഷികം.
ഇവരെ കണ്ടെത്തുന്നതിന് രണ്ടുലക്ഷം രൂപയാണ് മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഇനിയും കണ്ടെത്താത്ത സാഹചര്യത്തിലാണ് പുതിയ വാറൻറിനൊപ്പം തുക വർധിപ്പിച്ചത്.
2014 ഏപ്രില്‍ 24ന് വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിെൻറ വീട്ടില്‍ മാവോവാദികളായ രൂപേഷ്, അനു, ജയന്ത, കന്യ, സുന്ദരി എന്നിവര്‍ ആയുധങ്ങളുമായെത്തി വധഭീഷണി മുഴക്കുകയായിരുന്നു. ജോലി രാജിവെക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ബൈക്ക് കത്തിക്കുകയായിരുന്നു.
ഈ കേസിലെ പ്രതികളായ രൂപേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ അയച്ചത് ഗീതയും ജയനുമാണെന്ന് വ്യക്തമായത്. 2016ല്‍ കേരള പൊലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.