തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ എൻ.ഐ.എ വിവരങ്ങൾ ശേഖരിക്കുന്നു. ആക്രമണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോയെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. എന്നാൽ, കേരള പൊലീസിനോട് നേരിട്ട് ചോദിക്കാതെ സ്വന്തംനിലക്ക് എൻ.ഐ.എ അന്വേഷണം നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് വീടുകളിലെത്തി സന്ദർശിച്ചു.
തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. മന്ത്രിക്കെതിരായ പരാമർശത്തിൽ തിയോഡേഷ്യസ് ഡിക്രൂസും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിക്കുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തെങ്കിലും കേസെടുക്കുകയായിരുന്നു. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദി എന്ന രീതിയിലായിരുന്നു പരാമർശം. മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയതിനാണ് കേസ്.
വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഭാവികമായി സ്യഷ്ടിച്ച വികാരവിക്ഷോഭമാണ് പരാമർശത്തിനിടയാക്കിയതെന്ന് ഫാ. തിയോഡേഷ്യസ് വിശദീകരിച്ചു. പരാമർശം നിരുപാധികം പിൻവലിക്കുന്നു. നാക്ക് പിഴവായി കരുതി പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്ത് പ്രവർത്തിക്കെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിലും ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫാ.തിയോഡേഷ്യസ് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ പരാമർശം വികാര വിക്ഷോഭത്തിൽ സംഭവിച്ചതാണെന്നും പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അതിരൂപത വക്താവ് ഫാ. സി. ജോസഫ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.