തിരുവനന്തപുരം: രാത്രി കാല സ്കൂൾ, കോളജ് വിനോദയാത്രകൾ നിരോധിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്റെ ഉത്തരവ്.
പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. സംസ്ഥാനത്ത് സ്കൂൾ, കോളജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു.
വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും. ഇത്തരം പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഓവർ സ്പീഡും മയക്കവും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളിൽ വർധിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.
രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ ഉണ്ടായിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്നും ഇത് ഒഴിവാക്കിയതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.