തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ എം.കോം രജിസ്ട്രേഷനും ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കും. നിഖിൽ സമർപ്പിച്ച രേഖകളുടെ സാധുത തേടി കേരള സർവകലാശാല രജിസ്ട്രാർ റായ്പൂരിലെ കലിംഗ സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട്. രേഖകൾ വ്യാജമെന്ന മറുപടി ഔദ്യോഗികമായി ലഭിച്ചാൽ എം.കോം രജിസ്ട്രേഷൻ റദ്ദാക്കും. നിഖിലിന്റെ വ്യാജ ബി.കോം ബിരുദത്തിന് കേരള സർവകലാശാല നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. രജിസ്ട്രേഷൻ റദ്ദാകുന്നതോടെ എഴുതിയ പരീക്ഷകളും ലഭിച്ച മാർക്ക് ലിസ്റ്റുകളും അസാധുവാകും. കായംകുളം എം.എസ്.എം കോളജിൽ എം.കോം പ്രവേശനം ഉറപ്പാക്കാൻ നിഖിൽ കേരള സർവകലാശാലയിൽനിന്ന് കലിംഗ സർവകലാശാലയുടെ ബി.കോം ബിരുദത്തിന് തുല്യത സർട്ടിഫിക്കറ്റ് നേടിയിരുന്നു.
കലിംഗ സർവകലാശാല രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ ബി.കോം സിലബസ്, സ്കീം എന്നിവ സഹിതമാണ് നിഖിൽ ബിരുദത്തിന് കേരളയിൽ തുല്യതക്ക് അപേക്ഷിച്ചത്. എന്നാൽ, കലിംഗ രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയതെന്ന രീതിയിൽ കേരള സർവകലാശാലയിൽ സമർപ്പിച്ച ബി.കോം സിലബസ്, സ്കീം രേഖകളും വ്യാജമാണെന്നാണ് സൂചന. ഇതിന്റെ പകർപ്പ് കൂടി കേരള സർവകലാശാല കലിംഗയിലേക്ക് പരിശോധനക്കായി കൈമാറിയിട്ടുണ്ട്. വ്യാജമെന്ന് വ്യക്തമായാൽ നിഖിലിന്റെ അപേക്ഷയിൽ കലിംഗ സർവകലാശാലയുടെ ബി.കോം (ബാങ്കിങ് ആൻഡ് ഫിനാൻസ്) ബിരുദത്തിന് കേരള സർവകലാശാല നൽകിയ അംഗീകാര ഉത്തരവ് തന്നെ പിൻവലിക്കേണ്ടിവരും.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല നിഖിലിന് നൽകിയ തുല്യത സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്യും. നിഖിൽ സമർപ്പിച്ച ബി.കോം ബിരുദ സർട്ടിഫിക്കറ്റ്, പ്രൊവിഷനൽ സർട്ടിഫിക്കറ്റ്, മൂന്നു വർഷത്തെയും മാർക്ക് ലിസ്റ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്/ ടി.സി എന്നീ രേഖകളാണ് കേരള രജിസ്ട്രാർ ഇ-മെയിൽ വഴി റായ്പൂരിലെ കലിംഗ സർവകലാശാലയിലേക്ക് അയച്ചത്.
നിഖിൽ 2021 ഒക്ടോബർ 26ന് നൽകിയ അപേക്ഷയിലാണ് 2022 ജനുവരി 14ന് കേരള സർവകലാശാല കലിംഗയുടെ ബി.കോം ബിരുദത്തിന് അംഗീകാരം നൽകി ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ ബലത്തിലാണ് കേരള സർവകലാശാല നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് നൽകിയത്. കലിംഗ സർവകലാശാലയുടെ പേരിൽ നിഖിൽ നേരിട്ട് കേരള സർവകലാശാലയിൽ സമർപ്പിച്ച രേഖകളിലും മതിയായ പരിശോധന നടന്നിട്ടില്ല. നിഖിലിന്റേത് വ്യാജബിരുദമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇതോടൊപ്പം സമർപ്പിച്ച രേഖകളെല്ലാം വ്യാജമാണെന്നാണ് സർവകലാശാല അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.