അജിതയുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് ഹൈകോടതി

കൊച്ചി: നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ മൃതദേഹം വെള്ളിയാഴ്ചവരെ സംസ്കരിക്കരുതെന്ന് ഹൈകോടതി. ബുധനാഴ്ചവരെ സംസ്കരിക്കരുതെന്ന് നേരത്തേ ഉത്തരവുണ്ടായിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണനക്കത്തെിയപ്പോഴാണ് പുതിയ ഉത്തരവിട്ടത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അജിതയുടെ സഹപാഠിയും തമിഴ്നാട് സ്വദേശിയുമായ അഭിഭാഷകന്‍ ഭഗവത് സിങ് നല്‍കിയ ഹരജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്. മൃതദേഹം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഹരജിക്കാരനോട് നിര്‍ദേശിച്ചു. ഇതില്‍ സര്‍ക്കാറിന്‍െറ വിശദീകരണവും തേടിയ കോടതി, കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

അതേസമയം, മൃതദേഹം ഹരജിക്കാരന് വിട്ടുകൊടുക്കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. നാലു കേസുകളില്‍ പ്രതിയായ ഹരജിക്കാരന്‍ മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മുതലെടുക്കാനും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍െറ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്‍െറപേരില്‍ യു.എ.പി.എ പ്രകാരം ഹരജിക്കാരനെതിരെ കേസുണ്ട്. മൃതദേഹം വിട്ടുകൊടുത്താല്‍ അജിതയുടെ ബന്ധുക്കളാരെങ്കിലും ഭാവിയില്‍ ചോദ്യംചെയ്തേക്കാം. അജിതക്കൊപ്പം കൊല്ലപ്പെട്ട കുപ്പുദേവരാജിന്‍െറ മൃതദേഹം സംസ്കരിച്ചതുപോലെ ഹരജിക്കാരന്‍െറ സാന്നിധ്യത്തില്‍ അജിതയുടെ മൃതദേഹവും മാന്യമായി സംസ്കരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഹരജിക്കാരനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനും മറ്റുമായി രണ്ടുമണിക്കൂര്‍ അനുവദിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
Tags:    
News Summary - nilambur encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.