ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: ഒമ്പത് സമുദായങ്ങളെ കൂടി സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുരുക്കള്‍/ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെയാണ് ഉൾപ്പെടുത്തുക. ഇതോടെ സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഒ.ബി.സി സംവരണം ഇവർക്കും ലഭ്യമാകും.

• ജല അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമിക്ക് ഉപയോഗ അനുമതി നൽകും. അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയുമാകുമിത്. നിലവിലെ നിയമത്തില്‍ ഇളവ് നല്‍കി ഭൂമി ലഭ്യമാക്കാൻ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി.

• കൊല്ലം, തൃശൂര്‍, കണ്ണൂര്‍, റൂറല്‍ പൊലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കും. ഇതിന് മൂന്ന് ഡിവൈഎസ്.പി തസ്തികകള്‍ സൃഷ്ടിക്കും. ആവശ്യമായ മറ്റ് ജീവനക്കാരെ പുനര്‍വിന്യാസത്തിലൂടെ കണ്ടെത്തും.

• മലബാര്‍ കാന്‍സര്‍ സെന്‍ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആൻഡ് റിസര്‍ച്ചായി പ്രഖ്യാപിക്കും. സെന്‍ററി‍െൻറ പേര് മലബാര്‍ കാന്‍സര്‍ സെന്‍റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആൻഡ് റിസര്‍ച്) എന്ന് പുനര്‍നാമകരണം ചെയ്യും.

• ഇടുക്കി ചെളമടയിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ് കത്തിയമര്‍ന്ന് മരിച്ച ബസ് ക്ലീനര്‍ രാജ‍െൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മൂന്നുലക്ഷം രൂപ അനുവദിക്കും.

• കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ആയി അനൂപ് അംബികയെ മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

• വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ എട്ട് സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കും.

Tags:    
News Summary - Nine more communities on the OBC list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.