അടിമാലി: വനത്തിൽ കൂവപറിക്കാൻ പോയശേഷം ചങ്ങാടത്തിൽ കൂന്ത്രപ്പുഴ കടക്കവെ ചങ്ങാടം തകർന്ന് ഒഴുക്കിൽപെട്ട ആദിവാസികൾ രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം മൂന്ന് കുടുംബത്തിലെ ഒമ്പതു പേരാണ് ചങ്ങാടത്തിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 11 ഓടെയാണ് സംഭവം. നാലുപേർ നീന്തി രക്ഷപ്പെട്ടു. നാലുപേരെ പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്.
കുറത്തിക്കുടി ആദിവാസി േകാളനിയിൽ താമസിക്കുന്ന ശശി രാവണൻ (52), ഭാര്യ കുമാരി (48), ശിവൻ ശിലുങ്കൻ (35), ഭാര്യ ഓമന ( 30 ), മകൾ ശിവഗംഗ (മൂന്ന്), ശിവാനന്തൻ ഗുരുസ്വാമി (36), ഭാര്യ ശിവാനി (30), മക്കളായ അനുമോൾ (എട്ട്), അനന്തു (എട്ട്) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ഈറ്റകൊണ്ട് നിർമിച്ച ചങ്ങാടം കനത്തമഴയിലും കാറ്റിലും ഒഴുക്കിൽ അകപ്പെടുകയായിരുന്നു.
ആടി ഉലഞ്ഞതോടെ നാലുപേർ വെള്ളത്തിലേക്ക് ചാടി കരയിലേക്ക് നീന്തി. ശേഷിച്ചവർ തകർന്ന ചങ്ങാടത്തിൽ മുറുകെ പിടിച്ച് കിടന്നു. മൂന്നുവയസ്സുകാരി ശിവഗംഗ അമ്മയുടെ പുറത്തെ മാറാപ്പിലായിരുന്നു. ഇവർ ഒഴുകി വരുന്നതുകണ്ട് ചൂണ്ടയിട്ടുകൊണ്ടിരുന്നവർ പുഴയിൽചാടിയാണ് രക്ഷിച്ചത്. ശശിക്കും ഭാര്യക്കും ചെറിയ പരിക്ക് പറ്റിയതൊഴിച്ചാൽ മറ്റാർക്കും പ്രശ്നങ്ങളില്ല.
അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ടതും ഒറ്റപ്പെട്ട് കിടക്കുന്നിടവുമാണ് കുറത്തിക്കുടി. മഴ കനത്തതോടെ യാത്ര മാർഗം അടഞ്ഞിരിക്കുകയാണ്. വാർത്തവിനിമയ സംവിധാനങ്ങൾ ഒന്നുമില്ലാത്തതിനാൽ സംഭവം പുറംലോകമറിഞ്ഞത് വൈകിയാണ്. അടിമാലിയിൽനിന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അടിമാലി-മൂന്നാർ അഗ്നിരക്ഷാ യൂനിറ്റുകളും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. മാങ്കുളം പൊലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥർ എത്തിയാണ് അപകടത്തിൽപെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഒരാഴ്ച മുമ്പാണ് ഇവർ കൂന്ത്രപ്പുഴ വനത്തിൽ കൂവ ശേഖരിക്കാൻ പോയത്. വനത്തിലെത്തിയപ്പോൾ ശക്തമായ മഴ തുടങ്ങി. ഇതോടെ കൂവപറിക്കാതെ മടങ്ങുകയായിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്.
''ചങ്ങാടത്തില്‍ പുഴ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്ക് ശക്തമായത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല...'' -അപകടത്തിൽനിന്ന് രക്ഷപ്പെട്ട കുമാരിയുടെ ഭയം ഇതേക്കുറിച്ച് വിവരിക്കുേമ്പാഴും കണ്ണുകളിലുണ്ട്. ചങ്ങാടത്തില്‍ കുറേദൂരം പോയി. ഇടക്ക് കൈവിട്ടുപോയി. ഇതിനിടയില്‍ മരക്കമ്പ് കൈയിൽ തടഞ്ഞു. ഇതിനിടെ, ജയ്മോന് എന്നയാൾ തന്നെ പുഴയില്‍നിന്ന് രക്ഷിച്ച് കരക്കെത്തിച്ചു. ഒഴുക്കിൽപെട്ട ഭര്‍ത്താവ് ശശിയും അടുത്തെത്തിയതോടെയാണ് സമാധാനമായതെന്ന് കുമാരി പറയുന്നു.
കനത്ത മഴ മൂലം മൂന്നുദിവസമായി വനത്തില്‍നിന്ന് പോരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സാധിച്ചില്ല. തിങ്കളാഴ്ച മഴ കുറഞ്ഞതിനാലാണ് ഇറങ്ങിയത്. സാധനങ്ങള്‍ മറുകരയിലെത്തിച്ച ശേഷമാണ് ചങ്ങാടത്തിൽ കയറിയത്. എന്നാല്‍, അപ്രതീക്ഷിതമായി പുഴയില്‍ വെള്ളം ഉയരുകയായിരുന്നു. കുതിച്ചൊഴുകുന്ന പുഴക്ക് നടുവില്‍നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയതിെൻറ ആശ്വാസത്തിലായിരുന്നു രക്ഷപ്പെട്ടവരെല്ലാം.
അതേസമയം ഒമ്പതംഗ സംഘം പുഴയില്‍ ഒഴുക്കിൽപെട്ട വിവരം കുറത്തിക്കുടിയിലടക്കം പരിഭ്രാന്തി പരത്തി. വാർത്തവിനിമയ-ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തയിൽ തുടര്‍വിവരങ്ങൾ പുറംലോകത്തെത്താൻ വൈകി. വിവരമറിഞ്ഞ് മാങ്കുളത്തുനിന്നുള്‍പ്പെടെ നാട്ടുകാരും പ്രദേശത്തേക്കെത്തിയിരുന്നു. രക്ഷപ്പെട്ടവരെ മാങ്കുളത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.