തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്‍റിബോഡി സാന്നിധ്യമാണ് കണ്ടെത്തിയത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
പ്രദേശത്തുനിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) നടത്തിയ പഠനത്തിലാണ് നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"നിപ സ്ഥിരീകരിച്ച പ്രദേശത്തുനിന്നും വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടി എന്‍ഐവി പുനെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ആന്‍റിബോഡി (ഐജിജി) കണ്ടെത്തിയത്. അതൊരു വലിയ സൂചനയാണ്. ഇതു സംബന്ധിച്ച ബാക്കി പഠനങ്ങള്‍ ഐസിഎംആര്‍ നടത്തിവരികയാണ്."- ആരോഗ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബർ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന് സമീപത്തുനിന്നുള്ള വവ്വാലുകളുടെ സ്രവ സാംപിളാണ് ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.