കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം ജില്ല കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.
കണ്ടെയ്ൻമെന്‍റ് സോണായ പ്രദേശങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പന രാവിലെ ഏഴ് മുതൽ ഉച്ച രണ്ട് വരെ മാത്രം അനുവദിക്കും. മരുന്ന് ഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ജില്ല കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലാകെയും സമീപ ജില്ലകളായ മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രത്യേക നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം.
അതേസമയം, നിപ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ച് പോയിന്‍റ് ഓഫ് കെയര്‍ ടെസ്റ്റിങ് മെഡിക്കൽ കോളജിൽ നടത്തും. ഫലം കണ്‍ഫോം ചെയ്യാന്‍ എൻ.ഐ.വി പുനെയിലേക്ക് അയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അതിനിടെ, നിപ ബാധിച്ചു മരിച്ച 12വയസുകാരന്‍റെ അമ്മക്കും രോഗ ലക്ഷണം റിപ്പോർട്ട് ചെയ്തു. നേരിയ പനിയാണ് ഇവർക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സാമ്പിള്‍ പരിശോധിക്കും. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 188 പേരാണുള്ളത്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. ഇവരിൽ സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.