തിരുവനന്തപുരം: നിപ വൈറസ് ആവിർഭവിച്ച് 23 വർഷത്തിനിടെ സംഭവിച്ച 25 ഒാളം രോഗവ്യാപനങ്ങളിലായി ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ ഇതുവരെ 632. ശരാശരി മരണനിരക്ക് 67 ശതമാനം. കേരളത്തിൽ 2018ൽ ആകെ റിപ്പോർട്ട് ചെയ്ത 23 കേസുകളിൽ 21 മരണവും സംഭവിച്ചു. മരണനിരക്ക് 92 ശതമാനം. ഇപ്പോൾ ഒരു മരണം കൂടി സംഭവിച്ചു. അതേസമയം, ബംഗ്ലാദേശിലെ മരണനിരക്ക് 67 ശതമാനവും മലേഷ്യയിലേത് 45 ശതമാനവും മാത്രമായിരുന്നു. കേരളത്തിലെ ആദ്യവ്യാപനം സാധാരണയിലധികമായിരുന്നു.
1998ൽ മലേഷ്യയിലെ ആദ്യവ്യാപനത്തിൽ 265 കേസുകൾ റിപ്പോർട്ട് ചെയ്തത് ഒഴികെയുള്ള 24 രോഗവ്യാപനങ്ങളിൽ ഓരോന്നിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നിപ കേസുകളുടെ ശരാശരി എണ്ണം 14 ആണ്.
1998-99 ആദ്യഘട്ടത്തിൽ ഇത് മൃഗങ്ങളിൽനിന്ന് മാത്രം മനുഷ്യരിലേക്ക് പകരുന്ന രോഗമായിരുന്നു. 2001ൽ ബംഗാളിലെ സിലിഗുരിയിലാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന വകഭേദം തിരിച്ചറിഞ്ഞത്. രോഗസംക്രമണ ശേഷി തീരെ കുറഞ്ഞ (R naught 0.4) നിപ വൈറസ് സ്വയം കെട്ടടങ്ങുകയാണ് പതിവ്. അതിനെ പിടിച്ചുകെട്ടാനും തളച്ചിടാനും നാടുമുഴുവൻ അടച്ചിടേണ്ടതില്ലെന്നാണ് നിപയെ സംബന്ധിച്ച് എപ്പിഡെമിയോളജിസ്റ്റുകൾ പറയുന്നത്.
നിപ ഒരുരോഗിയിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ആദ്യരോഗി ഏറ്റവും ഗുരുതരാവസ്ഥ പ്രാപിച്ച ഘട്ടത്തിൽ മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെ ഏറ്റവും അടുത്തിടപഴകുന്നവരിലേക്ക് മാത്രമാകും. മതിയായ അണുബാധ നിയന്ത്രണ സംവിധാനമുണ്ടെങ്കിൽ അവിടെയും രോഗവ്യാപനമുണ്ടാകില്ല.
2018 മേയ് -കോഴിക്കോട്: 23 കേസുകൾ, 21 മരണം
2019 മേയ് -കൊച്ചി: 1 കേസ്, 0 മരണം
2021 സെപ്റ്റംബർ കോഴിക്കോട്: 1 കേസ് 1 മരണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.