നിര്‍ഭയ ഹോമുകളിലെ അന്തേവാസികള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം

തൃശൂര്‍: ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ പുനരധിവസിപ്പിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലെ പ്രായപൂര്‍ത്തിയായ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം വരുന്നു. ഷെല്‍ട്ടര്‍ഹോമുകളിലെ 18 വയസ്സിന് മുകളിലുള്ള താമസക്കാരെ തൊഴില്‍ പരിശീലനത്തിലൂടെ സ്വയം പര്യാപ്തരാക്കുന്നതിനാണിത്. സാമൂഹിക സുരക്ഷാവകുപ്പാണ് കേന്ദ്രീകൃത ആഫ്റ്റര്‍ കെയര്‍ സെന്‍റര്‍ ആരംഭിക്കുന്നത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ ചെറുകിട വ്യവസായ ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യം മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് പരിഗണനയിലുണ്ടായിരുന്നെങ്കിലും തുടര്‍നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. അന്തേവാസികളുടെ പുനരധിവാസത്തിനൊപ്പം  തൊഴില്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥയിലേക്ക് മാറ്റുകയാണ്  ലക്ഷ്യം. അതിനൊപ്പം ഇത്തരം ഹോമുകളില്‍ കഴിയുന്നവരുടെ മാനസിക വികസനത്തിന് കൂടുതല്‍ കാര്യക്ഷമമായ പല പരിപാടികളും നടപ്പാക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പുതിയ വകുപ്പ് നിലവില്‍ വരുകയാണെങ്കില്‍ ഇത് കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.

ഷെല്‍ട്ടര്‍ ഹോമുകളില്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ സൈക്കോളജിക്കല്‍ കൗണ്‍സലിങ്, ട്രോമ തെറപ്പി എന്നിവ ഇപ്പോള്‍ നല്‍കുന്നുണ്ട്. പുനരധിവാസ ഭാഗമായി ഓരോ താമസക്കാരിയുടെയും സാമൂഹിക വിദ്യാഭ്യാസ പശ്ചാത്തലമനുസരിച്ച്  വ്യക്തിപരിപാലന പദ്ധതി തയാറാക്കിയിട്ടുണ്ട്. അതിനനുസരിച്ച് വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം എന്നിവ നല്‍കുന്നുമുണ്ട്. അതിന് പുറമെയാണ്  പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടികളും ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Tags:    
News Summary - nirbhaya shelter home,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.