നിസാമിന്‍െറ ഫോണ്‍: പൊലീസും ജയില്‍ വകുപ്പും രണ്ടു തട്ടില്‍ 

കണ്ണൂര്‍: തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതി മുഹമ്മദ് നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ജയിലിനകത്തോ പുറത്തോ എന്ന തര്‍ക്കം പൊലീസിനെയും ജയില്‍ വകുപ്പിനെയും രണ്ടു തട്ടിലാക്കി. വിവാദ കോളിന്‍െറ നമ്പറുകള്‍ ശേഖരിച്ച് സമയവും കവറേജ് ഏരിയയും സ്ഥിരീകരിച്ചാല്‍ നിസാമിന്‍െറ ‘കൂട്ടാളികള്‍’ ജയില്‍ ഉദ്യോഗസ്ഥരോ എസ്കോര്‍ട്ട് പൊലീസോ എന്ന് വ്യക്തമാവും. ചന്ദ്രബോസ് കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂരിലത്തെിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിസാമിനെ നാലാം തവണയാണ് ബംഗളൂരുവിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കുന്നത്. ഏപ്രില്‍ 26ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കാന്‍ 25ന് പോവുകയും 27ന് തിരിച്ചത്തെുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 21നും സെപ്റ്റംബര്‍ 21നും ബംഗളൂരുവിലേക്ക് മൂന്നുദിവസം വീതം പോയെന്നാണ് ജയില്‍ രേഖ. നാലാം തവണയാണ് ഇക്കഴിഞ്ഞ 21ന് വൈകീട്ട് കൊണ്ടുപോയത്. 

ജൂണ്‍ 21ന് ബംഗളൂരുവിലേക്ക് പോയപ്പോള്‍ തന്നെ ഇയാള്‍ക്ക് മൊബൈല്‍ ഫോണ്‍ കിട്ടിയിരുന്നുവെങ്കില്‍ ജയിലില്‍വെച്ച് കഴിഞ്ഞ നാല് മാസമായി ഫോണ്‍ ഉപയോഗിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ 21ന് ബംഗളൂരുവിലേക്ക് പോയപ്പോള്‍ മാത്രമാണ് ഫോണ്‍ ചെയ്തതെങ്കില്‍ അകമ്പടി പോയ പൊലീസാണ് ഉത്തരവാദി. ഇക്കാര്യത്തില്‍, ഭീഷണി കോള്‍ വന്നുവെന്ന് ആരോപിക്കുന്ന സഹോദരങ്ങളുടെ കോള്‍ രജിസ്റ്ററും മറ്റ് കോളുകളുടെ ലിസ്റ്റും പരിശോധിച്ച് ഫോണ്‍ ഉപയോഗിച്ച വഴി കണ്ടത്തൊന്‍ സൈബര്‍സെല്‍തല അന്വേഷണം വേണമെന്ന് ജയില്‍ ഡി.ഐ.ജി ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
പ്രതികള്‍ക്ക് മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ന്ന് വരുന്ന ഏക വഴിയാണ് അവരുടെ  കോടതിയിലേക്കുള്ള യാത്ര. കോടതിയില്‍ ഹാജരാക്കാനുള്ള തീയതിയും സമയവും  അഭിഭാഷകര്‍ മുഖേന ബന്ധുക്കള്‍ അറിയും. പൊലീസിന്‍െറ എസ്കോര്‍ട്ടോടെയാണ് യാത്രയെങ്കിലും വിദൂരങ്ങളിലുള്ള കോടതിയിലേക്ക്  ബസുകളും ട്രെയിനുകളുമാണ് ആശ്രയം. തീവണ്ടികളിലോ ബസുകളിലോ നേരത്തേ പിടിച്ചുവെച്ച സീറ്റുകളില്‍ പ്രതികളുടെ അരികിലിരിക്കുന്ന  ‘അപരിചിത’ യാത്രക്കാരില്‍ പലരും പരിചയക്കാരായിരിക്കും. ഇവരില്‍നിന്നാണ് പ്രതിയുടെ കൈയില്‍ മയക്കുമരുന്ന് മുതല്‍ പലതും കൈമാറ്റം ചെയ്യപ്പെടുന്നത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കി തിരികെവന്ന ഒരു തടവുകാരനെ പ്രബലമായ റിപ്പോര്‍ട്ടനുസരിച്ച് പരിശോധിച്ചപ്പോള്‍ ഗുദത്തില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവിന്‍െറ പോളിത്തീന്‍ പൊതി പിടികൂടിയത്. 2009ല്‍ രാഷ്ട്രീയ കേസിലെ റിമാന്‍ഡുകാരുടെ ദേഹ പരിശോധന ജയില്‍ ഗേറ്റില്‍ നടത്തിയത് കൈയേറ്റത്തിന്‍െറയും ബലപ്രയോഗത്തിന്‍െറയും പേരില്‍ വിവാദമായിരുന്നു. ഈ വിവാദത്തിനൊടുവില്‍ തടവറയില്‍ വ്യാപക പരിശോധന തുടര്‍ന്നപ്പോള്‍ നിരവധി സിം കാര്‍ഡുകളും മറ്റും പിടികൂടിയിരുന്നു. തുടര്‍ന്ന് ജയിലില്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു. ആദ്യം ജാമര്‍ കാബിളുകളില്‍ ഉപ്പ് കുത്തിനിറച്ച് കേടുവരുത്തിയത് കണ്ടത്തെിയെങ്കിലും പിന്നീട് കൂടുതല്‍ സുരക്ഷയോടെ കെല്‍ട്രോണിന്‍െറ മേല്‍നോട്ടത്തില്‍ ജാമര്‍ പരിഷ്കരിച്ചത് ഈ കാലയളവിലാണ്. പക്ഷേ, മൊബൈല്‍ കമ്പനികളുടെ പുതിയ ടവര്‍ ശേഷിയെ അതിജീവിക്കാവുന്ന ജാമര്‍ ഉപയോഗിക്കണമെന്ന നില വന്നു. അത് ജയിലിന്‍െറ സമീപത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് വിനയാകുമെന്ന ആക്ഷേപത്തത്തെുടര്‍ന്ന് ജാമര്‍ ദുര്‍ബലപ്പെടുത്തുകയായിരുന്നു.
റിമാന്‍ഡ് തടവുകാര്‍ക്കുവേണ്ടി ജയിലില്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗപ്പെടുത്തമെന്ന നിര്‍ദേശം നടപ്പിലായില്ല.ഇതരസംസ്ഥാനങ്ങളിലെ കോടതികളിലേക്ക് പ്രതിയെ കൊണ്ടുപോകുന്നതിന്‍െറ ‘റിസ്ക്’ ഇതിന് പുറമെയാണ്.

Tags:    
News Summary - nisam Allegedly Running Business From Prison Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.