എസ്.എഫ്.ഐ നേതാവ് ആർഷോക്ക് ഹാജർ റിപ്പോർട്ട്‌: പ്രിൻസിപ്പലിനെതിരെ നിവേദനം

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോക്ക് പരീക്ഷ എഴുതാൻ മതിയായ ഹാജരുണ്ടെന്ന റിപ്പോർട്ട്‌ എം.ജി സർവകലാശാലക്ക് നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ ഗവർണർക്ക് നിവേദനം നൽകി. ആർഷോയുടെ വ്യാജ ഹാജർ റിപ്പോർട്ട് നൽകി കബളിപ്പിച്ച പ്രിൻസിപ്പലിനെ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും കോളജിൽ ഹാജരാകാത്ത ആർഷോയെ നാലാം സെമസ്റ്റർ മുതൽ കോളജിൽ നിന്ന് റോൾ ഔട്ട്‌ ചെയ്യാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, എം ജി, വിസി ക്കും നിവേദനം നൽകിയത്.

നിവേദനത്തിൽ പറയുന്നത് പ്രകാരം അതേസമയം അഞ്ചും ആറും സെമസ്റ്ററിൽ ആർഷോക്ക് മിനിമം ഹാജറില്ലെന്നതിന്റെയും രേഖകളും പുറത്തായി. ദീർഘനാളായി കോളജിൽ ഹാജരാകാത്തതിനാൽ കോളജിൽ നിന്നും പുറത്താക്കുന്നതായി നേരത്തെ ആർഷോയുടെ പിതാവിന് നോട്ടീസ് അയച്ചിരുന്നു. അതേ പ്രിൻസിപ്പൽ തന്നെയാണ് സർവാകലാശക്ക് റിപ്പോർട്ട് നൽകിയത്.

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സിൽ പഠിക്കുന്നവർക്ക് ആറാം സെമസ്റ്ററിൽ ബി.എ പാസാകാതെ ഏഴാം സെമസ്റ്റർ എം.എ. ക്ലാസിൽ തുടർ പഠനം നടത്താമെന്നും ആറാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്താൽ മാത്രം മതിയാവുമെന്നും ആർഷോയെ ന്യായീകരിച്ചുള്ള വിശദീകരണമാണ് പ്രിൻസിപ്പൽ എം.ജി രജിസ്ട്രാർക്ക്‌ നൽകിയത്.

എന്നാൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജർ ആർഷോക്കില്ലെന്ന കാര്യം പ്രിൻസിപ്പൽ മറച്ചുവച്ചു. യൂനിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ വേണമെന്നിരിക്കെ അഞ്ചും ആറും സെമെസ്റ്ററിൽ 10 ശതമാനം മാത്രം ഹാജറുള്ള അർഷോയെ ഏഴാം സെമസ്റ്റർ പി.ജി ക്ലാസിൽ പ്രവേശിപ്പിച്ചത് ചട്ട വിരുദ്ധമായാണ്. ഏഴാം സെമസ്റ്ററിൽ പൂജ്യം ഹാജരാണുള്ളത്

അഞ്ചും ആറും സെമസ്റ്ററുകളിൽ മിനിമം ഹാജറില്ലാതെ, ആറും എഴും സെമസ്റ്ററുകളിൽ തുടർ പഠനം പാടില്ലെന്നിരിക്കെ ആറാം സെമസ്റ്ററിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി കണക്കാക്കി വിടുതൽ സർട്ടിഫിക്കേറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്. ആറാം സെമസ്റ്റർ പൂർത്തിയാക്കിയതായി രേഖയുണ്ടാക്കിയാൽ രണ്ടാം സെമസ്റ്റർ മുതലുള്ള എല്ലാ പരീക്ഷകളും ഒന്നിച്ചെഴുതി ബി.എ ബിരുദം നേടാനുള്ള അവസരം ആർഷോക്ക് കോളജിൽ നിന്നും ലഭിക്കും. ആർഷോക്കുവേണ്ടി വ്യാജ ഹാജർ റിപ്പോർട്ട് നൽകിയ പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - SFI leader Arsho fake attendance report: Petition against principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.