കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് നേരെയുള്ള അവഗണനയിൽ പ്രതിഷേധിച്ച് 19ന് വയനാട്ടിൽ യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിലും പ്രതിഷേധിച്ച് യു.ഡി.എഫാണ് ആദ്യം ഹർത്താൽ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചത്. മുണ്ടക്കൈ- ചൂരൽമല ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണ്.
ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതൽ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.