നിധിൻ അഗർവാൾ മടങ്ങിയെത്തുന്നു; നിയമനത്തിൽ പ്രതിസന്ധി

തിരുവനന്തപുരം: ബി.എസ്.എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്രം തിരിച്ചയച്ച നിധിൻ അഗർവാളിന്‍റെ പുനർനിയമനം പ്രതിസന്ധിയിൽ. കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അഗർവാൾ ഡി.ജി.പി റാങ്കിലാണുള്ളത്. രണ്ടുതവണ കേരളത്തിൽ പൊലീസ് മേധാവിയാകാൻ അവസരം ഉണ്ടായെങ്കിലും താൽപര്യമില്ലെന്ന് അറിയിച്ച് കേന്ദ്രത്തിൽ ഉന്നതപദവിയിൽ തുടരുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചക്കുള്ളിൽ മടങ്ങിയെത്തുന്ന അഗർവാളിന് യൂനിഫോം പോസ്റ്റ് ലഭിക്കാനിടയില്ലെന്നാണ് സൂചന.

സ്വയംവിരമിച്ച വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന് പകരം പുതിയ ആളെ നിയമിക്കേണ്ടതുണ്ട്. ഈ മാസം 11ന് വിനോദ് കുമാർ കസേര ഒഴിയും. ആ പദവിയിൽ അഗ്നി രക്ഷാസേന മേധാവി കെ. പത്മകുമാറിനെ നിയമിക്കുകയാണെങ്കിൽ നിധിൻ അഗർവാളിനെ അഗ്നി രക്ഷാസേനയിൽ നിയമിക്കാം. വിനോദ് കുമാറിന്‍റെ ഒഴിവിൽ എ.ഡി.ജി.പി. യോഗേഷ് ഗുപ്തക്ക് ഡി.ജി.പി റാങ്കിനും സാധ്യത കൽപിച്ചിരുന്നു.

അഗർവാൾ മടങ്ങിയെത്തുന്നതോടെ കേന്ദ്രം അനുവദിച്ച ഡി.ജി.പി തസ്തികകളുടെ േക്വാട്ട പൂർത്തിയാകും. നേരത്തേയുള്ള സ്ഥിതി അനുസരിച്ച് ആഗസ്റ്റിൽ യോഗേഷ് ഗുപ്തയും ജനുവരിയിൽ ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമും ഡി.ജി.പി പദവിയിലെത്തുമായിരുന്നു. അഗ്നിരക്ഷാ വിഭാഗം മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലാകും മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനെക്കാൾ സീനിയർ ആയതിനാൽ നിധിൻ അഗർവാളിന്‌ ഇനി കാക്കിയിട്ട് പൊലീസിൽ ജോലി ചെയ്യാനാകില്ല. പൊലീസ് മേധാവിയുടെ കീഴിൽ, അദ്ദേഹത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന വിഭാഗത്തിലൊന്നും നിയമിക്കാൻ കഴിയില്ല എന്നതാണ് കാരണം. രണ്ടുമാസം മുമ്പാണ് ദർവേശ് സാഹിബിന് സർക്കാർ കാലാവധി നീട്ടിക്കൊടുത്തത്.

2026 വരെ സർവിസുള്ള അഗർവാളിന് ഇനി കേന്ദ്രത്തിലേക്ക് ഒരുമടക്കത്തിന് സാധ്യത വിരളമാണ്. കേരളത്തിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മുമ്പും മടക്കിയിട്ടുണ്ടെങ്കിലും തന്ത്രപ്രധാന പദവിയിലിരിക്കെ ഇത്ര മുതിർന്ന ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്നത് അസാധാരണമാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.എസ്.എഫ് ഡയറക്ടർ ജനറൽ നിധിൻ അഗർവാളിനെയും സ്പെഷൽ ഡയറക്ടർ ജനറൽ വൈ.ബി. ഖുറാനിയയെയും മടക്കി അയക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 

Tags:    
News Summary - Nitin Agarwal returns; Crisis in hiring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.