പോത്തുകല്ല്: നിർത്താതെ പെയ്തുകൊണ്ടിരുന്ന മഴ, ഇടിമുഴക്കം പോലുള്ള ശബ്ദം, പാഞ്ഞെത്തിയ മലവെള്ളം. കാട്ടിൽ എന്തോ സംഭവിച്ചെന്നുറപ്പിച്ചിരുന്നു. നേരം പുലർന്നപ്പോൾ മണൽ പരപ്പിൽ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ - മുണ്ടേരി കുമ്പളപ്പാറ നഗറിലെ ആദിവാസിവിഭാഗക്കാരനായ മാധവനും ഭാര്യ ഗീതക്കും ഇപ്പോഴും ആ രാത്രി മറക്കാനാകുന്നില്ല. മലയിൽ ദിവസങ്ങളോളം പെരുമഴയായതിനാൽ ചാലിയാറിൽ വെള്ളം കൂടിയിരുന്നു. പുഴയോരത്തെ വീടുകളിൽ വെള്ളം കയറുമെന്ന് പേടിയുണ്ടായിരുന്നതിനാൽ ഉയർന്ന സ്ഥലത്തെ ഷെഡുകളിലേക്ക് ഞങ്ങൾ മാറിയിരുന്നു - മാധവൻ പറയുന്നു. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തലേന്നത്തെ രാത്രിയിലെ ആ അനുഭവം നടുക്കത്തോടെയാണ് ഇവർ വിവരിച്ചത്.
പുലർച്ചെ വൻ ശബ്ദത്തിൽ കല്ലും മണ്ണും മരങ്ങളും കുത്തിയൊലിച്ച് വരുന്നതാണ് കണ്ടത്. വീടുകളുടെ ഓരത്ത് വരെ മലവെള്ളമെത്തി. മണ്ണ് കുഴഞ്ഞ് കറുത്തിരുണ്ട വെള്ളം ഓരം കടന്ന് ആർത്തിരമ്പി വരുകയായിരുന്നു. ഷെഡിൽ കിടന്നവരെല്ലാം ശബ്ദം കേട്ട് എഴുന്നേറ്റിരുന്നു. രാത്രിയായതിനാൽ എന്താണ് സംഭവിച്ചത് എന്ന് ഒരു വിവരവുമുണ്ടായിരുന്നില്ല. ഉൾക്കാട്ടിൽ ഉരുൾപൊട്ടിയെന്നാണ് കരുതിയത്. നേരം പുലർന്നപ്പോൾ അളിയൻ ചാത്തനും ഭാര്യ കുറുമ്പിയുമാണ് ആദ്യം ശരീരഭാഗങ്ങൾ കണ്ടത്.
പുഴയോരത്തെ മണൽതിട്ടയിൽ ശരീരഭാഗങ്ങൾ മുറിഞ്ഞ് അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. മലവെള്ളമിറങ്ങിയപ്പോൾ തീരത്താകെ മരങ്ങളും മണ്ണും പാറക്കല്ലും. തുണിയും ചെരിപ്പും പാത്രങ്ങളുമെല്ലാം മരത്തിൽ തങ്ങിനിന്നിരുന്നു. ഗ്യാസ് സിലിണ്ടറും മറ്റു വീട്ടുസാധനങ്ങളും ഒഴുകി വന്നടിഞ്ഞിരുന്നു. കുമ്പളപ്പാറയിൽനിന്ന് ഫോണിൽ വിളിച്ചറിയിച്ചാണ് സാറൻമാർ വിവരമറിഞ്ഞത്. ബോട്ടിലാണ് അവർ ശരീരഭാഗങ്ങൾ എടുത്തുകൊണ്ടുപോയത് - മാധവൻ ഓർക്കുന്നു.
ചാലിയാറിന്റെ ഓരം ചേർന്ന് മുണ്ടേരി വാണിയമ്പുഴ ഉൾവനത്തിലാണ് കുമ്പളപ്പാറ. ഇവിടെ ഇരുപതോളം കാട്ടുനായ്ക്ക കുടുംബങ്ങളുണ്ട്. ചാലിയാർ തീരം നക്കിത്തുടച്ച 2019ലെ മലവെള്ളപ്പാച്ചിലിൽ കുമ്പളപ്പാറയിലെ വീടുകളിലും വെള്ളവും ചെളിയും അടിച്ചുകയറിയിരുന്നു. മലവെള്ളത്തിൽ മുങ്ങിത്താണ വീടുകളിൽ നിന്ന് അർധരാത്രി കുട്ടികളെയും താങ്ങി കുടുംബങ്ങൾ ജീവനും കൊണ്ട് ഓടുകയായിരുന്നു. പ്രളയത്തിന്റെ ഭീതി നിറഞ്ഞ ഓർമ അവർക്കുള്ളതിനാൽ വീടിന് മേൽഭാഗത്തുള്ള കുന്നിൽ പണിത ഷെഡുകളിലാണ് മഴക്കാലം തീരും വരെ കുമ്പളപ്പാറക്കാരുടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.