തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള പരീക്ഷരീതി പൊളിച്ചെഴുതണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. എല്ലാത്തരം മൂല്യനിർണയ പ്രവർത്തനങ്ങളെയും തുടർച്ചയായി നടക്കുന്ന വിലയിരുത്തലുകളാക്കി മാറ്റണം. നിലവിലെ എഴുത്തുപരീക്ഷകൾക്ക് കാലോചിത മാറ്റമുണ്ടാകണം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ളവയുടെ പരീക്ഷാദിനങ്ങൾ കുറക്കണം.
അക്കാദമിക തലത്തോടൊപ്പം വൈകാരിക-സാമൂഹികതലങ്ങളും വിലയിരുത്തലിന്റെ ഭാഗമാക്കണം. വിലയിരുത്തൽ നടത്തേണ്ടത് കുട്ടിയുടെ ശക്തി കണ്ടെത്താനും എന്തെല്ലാം ആർജിച്ചെന്ന് അറിയാനുമാകണം. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ താരതമ്യം ചെയ്യരുത്. എഴുത്തുപരീക്ഷ മാത്രമായി വിലയിരുത്തൽ പരിമിതപ്പെടുത്തരുത്. പ്രോജക്ട് പ്രവർത്തനം, അസൈൻമെന്റ്, സംഘപ്രവർത്തനം, ഗ്രൂപ് ചർച്ച, സംവാദം തുടങ്ങിയവയും വിലയിരുത്തലിന്റെ ഭാഗമാകണം.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്കിന്റെ സഹായത്താൽ ഒരു വിഷയത്തിൽ നേടാവുന്ന പരമാവധി സ്കോർ 79 ശതമാനമാക്കി നിജപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. നിലവിൽ എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കിന്റെ പിൻബലത്തിൽ 90 ശതമാനത്തിൽ നിജപ്പെടുത്തി എ പ്ലസ് ഗ്രേഡ് നേടാം. ഹയർ സെക്കൻഡറിയിൽ എ പ്ലസ് ഗ്രേഡും 100 സ്കോറും ഗ്രേസ് മാർക്കിന്റെ പിൻബലത്തിൽ നേടാനാവും. ഇങ്ങനെ 90ഉം 100ഉം ശതമാനവും സ്കോറും എ പ്ലസ് ഗ്രേഡും നേടുന്നത് കൗമാരക്കാരായ കുട്ടികളിൽ മനഃശാസ്ത്രപരമായി ശരിയായ സന്ദേശമല്ല നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.