ചൂരൽമല: ദുരന്തഭൂമിയായ ചൂരൽ മലയിലെ ജുമുഅത്ത് പള്ളിയിലെത്തുന്ന രക്ഷാപ്രവർത്തകരെ പരിപാലിക്കാനും അവർക്ക് സേവനം ചെയ്യാനും ഓടി നടക്കുന്ന ഒരു അറുപത്തിയഞ്ചുകാരനുണ്ട്. പ്രദേശവാസിയും അൻസാറുൽ ഇസ്ലാം പള്ളിയുടെ ട്രഷററുമായ ചേലേങ്കുന്നുമ്മൽ മുഹമ്മദ്.
സേവന സന്നദ്ധരായി എത്തുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യാനും മറ്റും മുന്നിൽ നിൽക്കുമ്പോഴും സ്വപ്നങ്ങൾ തകർത്തെറിഞ്ഞ ആ ഇരുണ്ട രാത്രിയിലെ നടുക്കുന്ന ഓർമകൾ മുഹമ്മദിനെ ഇനിയും വിട്ടുമാറിയിട്ടില്ല. ചൂരൽമലയിൽ അപകടം സംഭവിക്കാത്ത അപൂർവം വീടുകളിലൊന്ന് മുഹമ്മദിന്റേതാണ്. എത്ര മറക്കാൻ ശ്രമിച്ചാലും ആ നോവോർമകൾ തന്റെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുമെന്ന് മുഹമ്മദ് പറയുന്നു.
വെള്ളിമലയിൽ താമസിക്കുന്ന പെങ്ങളെയും അളിയനെയും മലവെള്ളപ്പാച്ചിലെടുത്തു. ഉറ്റ സുഹൃത്തുക്കളായ സത്താറിന്റെയും നസീറിന്റെയും വിയോഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ മുഹമ്മദിന്റെ കണ്ഠമിടറി കണ്ണ് നിറഞ്ഞു. ‘ജീവൻ ഉണ്ടെന്നേയുള്ളൂ... മനസ്സ് മരിച്ചിട്ട് ഇന്നേക്ക് ഒരാഴ്ചയായി’ മുഹമ്മദ് നിർവികാരതയോടെ പറയുന്നു. ദുരന്തം നടന്നശേഷം പരിസരത്തുള്ളവരെല്ലാം ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി താമസിച്ചെങ്കിലും മുഹമ്മദ് ഇപ്പോഴും തന്റെ നാട്ടിൽ തന്നെയുണ്ട്.
ഭാര്യയും മരുമകളും പേരമകനുമുൾപ്പടെ നാലു പേരാണ് സാധാരണ വീട്ടിൽ ഉണ്ടാവാറ്. എന്നാൽ, ദുരന്ത ദിവസം ഇവരെല്ലാം കൊടുവള്ളിയിലെ ബന്ധുവീട്ടിലായിരുന്നു. വീട്ടിൽ ആടുകളും കോഴികളുമുള്ളതിനാൽ മുഹമ്മദ് പോയില്ല. വെള്ളാർമല സ്കൂളിൽ അധ്യാപികയായ മരുമകൾക്ക് പിറ്റേന്ന് ക്ലാസ് ഉള്ളതിനാൽ തിരിച്ചെത്തണമെന്ന് കരുതിയാണ് പോയത്. എന്നാൽ, അവർക്ക് വരാൻ കഴിഞ്ഞില്ല. ആ രാത്രി വീട്ടിൽ ഒറ്റക്ക് കിടന്നുറങ്ങിയ മുഹമ്മദ് സാധാരണയിൽ കവിഞ്ഞ വെള്ളത്തിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
പുറത്തിറങ്ങി നോക്കിയപ്പോൾ എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. ധൈര്യം സംഭരിച്ച് ഒറ്റക്ക് വീട്ടിലിരുന്നു. അയൽവാസിയും സുഹൃത്തുമായ ബദ്റുദ്ദീൻ വിളിച്ചപ്പോൾ അവരെയും ഭാര്യയെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. ശക്തമായ വെള്ളത്തിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. സുബഹി നിസ്കരിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഒരു നാട് ഒന്നടങ്കം ഇല്ലാതായ വിവരം മുഹമ്മദ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.