കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന് നിവിന്‍ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്നാണ് സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ നിവിൻ പോളി കുറിച്ചത്.
'എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി' നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നൽകുകയും ചെയ്തു.
പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നൽകി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നിവിൻ പോളി ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്പോർട്ട് അടക്കം ഹാജരാക്കി യുവതി പരാതിയിൽ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.