തിരുവനന്തപുരം: ധനകാര്യബിൽ പാസാക്കാനായി തിങ്കളാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന നിയമസഭ സമ്മേളനം മാറ്റി. സമ്മേളനം സസ്പെൻഡ് ചെയ്യാൻ ഗവർണറോട് ആവശ്യപ്പെടും. കോവിഡ് വ്യാപന സാഹചര്യത്തിലാണ് തീരുമാനം. ധനബിൽ ഒാർഡിനൻസായി പുറപ്പെടുവിക്കും.
റെഡ് സോൺ അടക്കമുള്ള മേഖലകളിൽ നിന്നുള്ള എം.എൽ.എമാർ വരുമെന്നും 65 വയസ്സിൽ കൂടുതലുള്ള അംഗങ്ങൾ ഏറെയുണ്ടെന്നുള്ള വാദവുമാണ് സമ്മേളനം മാറ്റിവെക്കാനുള്ള കാരണമായി സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിയമസഭ ചേരാനിരുന്ന തിങ്കളാഴ്ച തന്നെ പ്രത്യേക മന്ത്രിസഭയോഗം ചേരും. ധനബിൽ ഒാർഡിനൻസ് ഇതിൽ അംഗീകരിക്കും. സ്വർണക്കടത്ത് കേസടക്കമുള്ള വിവാദങ്ങളുടെ സാഹചര്യത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം നൽകിയിരുന്നു. സ്പീക്കർക്കെതിരെ പ്രമേയത്തിനും നോട്ടീസ് നൽകിയിരുന്നു. സഭാസമ്മേളനം സസ്പെൻഡ് ചെയ്യുന്ന സാഹചര്യത്തിൽ ഇവ ഇനി പരിഗണനക്ക് വരില്ല.
സർക്കാർ തന്നെയാണ് സമ്മേളനം ചേരാൻ തീരുമാനിച്ചത്. അത് മാറ്റിെവച്ചത് ഇപ്പോഴത്തെ വിഷയങ്ങളിൽനിന്ന് ഒാടിയൊളിക്കാനാണെന്നാണ് പ്രതിപക്ഷ ആരോപണം. നിയമസഭയിൽ ശാരീരിക അകലം പാലിക്കാൻ കൂടുതൽ ഇരിപ്പിടങ്ങൾ തയാറാക്കിയിരുന്നു.
മാറ്റിയതിൽ രാഷ്ട്രീയം –ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാസമ്മേളനം മാറ്റിെവക്കാനുള്ള സര്‍ക്കാർ തീരുമാനത്തില്‍ ശക്തമായ അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്മേളനം മാറ്റിവെക്കാനുള്ള മന്ത്രിസഭാതീരുമാനം രാഷ്ട്രീയകാരണങ്ങളാലാണ്. 27ന് ഏകദിന സഭാസമ്മേളനത്തിന് സ്പീക്കര്‍ തീരുമാനമെടുത്തത് കക്ഷിനേതാക്കളുടെ യോഗം വിളിച്ചാണ്.
സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയത്തിന് വി.ഡി. സതീശന് എം.എല്‍.എയും സ്പീക്കറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നുള്ള പ്രമേയത്തിന് എം. ഉമ്മർ എം.എല്‍.എയും നോട്ടീസ് നല്കി. ദിവസങ്ങൾ കഴിഞ്ഞിട്ടും അത് ബുള്ളറ്റിനായി പ്രസിദ്ധീകരിക്കാത്തത് ചട്ടവിരുദ്ധമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽനിന്ന് തങ്ങള്‍ പിറകോട്ട് പോകില്ല –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.