ന്യൂഡൽഹി: പത്തനംതിട്ടയിൽ നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ എസ്.എഫ്.ഐ നേതാവിന്‍റെ മുൻകൂർ ജാമ്യഹരജി സുപ്രീംകോടതി തള്ളി. ജെയ്സൺ ജോസഫിന്‍റെ ഹരജിയാണ് കോടതി തള്ളിയത്. ഹൈകോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജെയ്സൺ ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കാതിരുന്നത്.
ജനുവരി ഒമ്പതിനാണ് ജെയ്സൺ ജോസഫ് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. എന്നാൽ, ഇതുവരെ പ്രതിയെ പിടികൂടാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനെതിരെ വിദ്യാർഥിനിയും പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിരുന്നു.
പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിയമ വിദ്യാർഥിനിയെ ജെയ്സൺ ജോസഫ് മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ മൂന്ന് ദിവസം കഴിഞ്ഞ് പൊലീസ് കേസെടുത്ത് വിവാദമായിരുന്നു.
എന്നാൽ, ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിൽ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.