കൊച്ചി: പി.വി. ശ്രീനിജിൻ എം.എൽ.എക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയ കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ന്യൂസ് ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യമില്ല. ജാതിപ്പേര് പറഞ്ഞില്ലെങ്കിലും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ബാധകമാവുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുൺ ഷാജന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയത്. നേരത്തേ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നെന്ന പി.വി. ശ്രീനിജിന്റെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.
മറുനാടൻ മലയാളിയുടെ ന്യൂസ് വിഡിയോയിൽ പി.വി. ശ്രീനിജിനെ കൊലപാതകിയെന്നും മാഫിയ ഡോൺ എന്നുമൊക്കെ പരാമർശിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പി.വി. ശ്രീനിജിന്റെ ഭാര്യാപിതാവായ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരാമർശങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. തുടർന്ന്, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് (ഒന്ന്) (ആർ) പ്രകാരം ഈ നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനപാഠമായ ‘ഫൈവ് ഡബ്ല്യു വൺ എച്ച്’ എന്ന തത്ത്വത്തിലെ ഡബ്ല്യുവിന്റെ സ്ഥാനത്ത് ‘ഡി’ സ്ഥാനം പിടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. വാർത്തകൾ തയാറാക്കുമ്പോൾ ആര് (Who), എന്ത് (What), എവിടെ (Where), എപ്പോൾ (When), എന്തുകൊണ്ട് (Why) എന്നിവയാണ് അടിസ്ഥാനമാക്കേണ്ടത്. എന്നാൽ, ‘മറുനാടൻ മലയാളി’യുടെ ഈ വിഡിയോ ഉൾപ്പെടെയുള്ളവയിൽ അപകീർത്തിപ്പെടുത്തുക (Defame), ആക്ഷേപിക്കുക (Denigrate), നശിപ്പിക്കുക (Damnify), തകർക്കുക (Destroy) എന്നീ ‘ഡി’കളാണ് ഉള്ളതെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.