രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ല; ഉണ്ടെന്ന് തെളിയിച്ചാൽ വി.ഡി. സതീശന് കൈമാറുമെന്ന് ഇ.പി. ജയരാജൻ

കണ്ണൂർ: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖുമായി ബിസിനസ് ബന്ധമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. രാജീവ് ചന്ദ്രശേഖറിനെ ഇന്നു വരെ നേരില്‍ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

തനിക്ക് ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് വി.ഡി. സതീശനും തന്‍റെ ഭാര്യക്ക് ബിസിനസുണ്ടെങ്കില്‍ അത് സതീശനന്‍റെ ഭാര്യക്കും എഴുതിക്കൊടുക്കാം. താൻ സതീശനെ പോലെ ബിസിനസുകാരനല്ല. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്നും ജയരാജൻ ചോദിച്ചു.

ആരുടെയോ പണം വാങ്ങി ഒരു വാര്‍ത്താ ചാനല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. സൈബര്‍, ക്രിമിനല്‍ കേസ് കൊടുക്കും. വിദേശത്ത് കോടികളുടെ ബിസിനസ് ഉണ്ടെന്ന് ചാനൽ വാർത്ത നൽകി. ചാനലിനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.

ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇ.പി. ജയരാജനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇതുവരെ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുമരകത്ത് രാജീവ് ചന്ദ്രശേഖരന്റെ കമ്പനി റിസോര്‍ട്ട് തുടങ്ങിയപ്പോള്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയ സമരം നടന്നു. ഡി.വൈ.എഫ്.ഐക്കാര്‍ റിസോര്‍ട്ട് തല്ലിപ്പൊളിച്ചു. ആ കേസൊക്കെ എവിടെ പോയി? എല്ലാ ധാരണയിലെത്തി. ബി.ജെ.പി, സി.പി.എം നേതാക്കള്‍ ഒക്കച്ചങ്ങായിമാരും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഒരുപാട് സീറ്റുകളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - No business relationship with Rajeev Chandrasekhar; EP Jayarajan Replay to VD Satheesan comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.