തിരുവനന്തപുരം: മനഃസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ കുതിക്കുേമ്പാഴും നിയമ-പ്രതിരോധ സംവിധാനങ്ങൾ നോക്കുകുത്തി. സ്ത്രീധന പീഡനത്തിന് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് വളരെ കുറയുന്നു. റിപ്പോർട്ട് തേടലിലും പ്രസ്താവന ഇറക്കുന്നതിലുമായി പ്രതിരോധ സംവിധാനങ്ങളും ഒതുങ്ങുകയാണ്. സ്ത്രീകളുടെ സുരക്ഷ ഉൾപ്പെടെ ലക്ഷ്യമിട്ട് വകുപ്പും സംവിധാനങ്ങളുമൊക്കെയുണ്ടെങ്കിലും ഇൗ സംവിധാനങ്ങളിലൂടെ നീതി ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദൈനംദിനം വർധിക്കുന്നെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ഉൾപ്പെടെ വിവിധ ഏജൻസികളുടെ കണക്കുകൾ. ഗാർഹിക പീഡനങ്ങളിലും സാരമായ വർധനയുണ്ട്. കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ 12,659 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഇൗവർഷം മേയ് വരെ 5500 ൽപരം കേസുകളായി.
ലോക്ഡൗൺ കാലത്ത് പല വീടുകളിലും സ്ത്രീകൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നെന്നാണ് ഇൗ കണക്കുകൾ പറയുന്നത്. ഭർത്താക്കന്മാർ, ബന്ധുക്കൾ എന്നിവരിൽനിന്നാണ് സ്ത്രീകൾക്ക് ഏറെ പീഡനം ഏൽക്കേണ്ടിവരുന്നത്. കഴിഞ്ഞ നാല് മാസങ്ങളിൽ മാത്രം 1100 ഒാളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗ കേസുകളിലും വലിയ വർധനയുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 1807 പേർ ബലാത്സംഗത്തിനിരയായി. ഇൗവർഷം ആദ്യ നാല് മാസത്തിനുള്ളിൽ 784 പേരും. ജൂൺവരെയുള്ള അനൗദ്യോഗിക കണക്കിൽ ഇത് 820 ലധികമാണ്. അഞ്ച് മാസത്തിനുള്ളിൽ 80 ഒാളം സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയത്.
എന്നാൽ, സ്ത്രീധന പീഡനത്തിെൻറ പേരിലുള്ള ആത്മഹത്യകൾ വർധിക്കുേമ്പാഴും കേസാകുന്നത് കുറവാണ്. 2019, '20 വർഷങ്ങളിൽ ആറുവീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇൗ വർഷം ഏപ്രിൽവരെ ഒരു കേസുപോലുമില്ല. നൂലാമാലകളിൽ കുടുങ്ങാൻ താൽപര്യമില്ലാത്തതിനാൽ മരണമടഞ്ഞ സ്ത്രീകളുടെ ബന്ധുക്കൾ തുടർനടപടികളുമായി മുന്നോട്ടുപോകാത്തതും പീഡനത്തിനിരയാകുന്ന സ്ത്രീകൾതന്നെ പിന്മാറുന്നതുമാണ് ഇതിന് കാരണം. ഇത്തരം മരണങ്ങൾ ആത്മഹത്യ എന്ന പേരിൽ ഒതുക്കിത്തീർക്കാനാണ് പൊലീസിനും താൽപര്യം.
നിയമമുണ്ട് എന്നിട്ടെന്താ...?
അഞ്ചു വര്‍ഷത്തിനിടെ കേരളത്തെ സ്ത്രീധന മുക്തമാക്കുമെന്ന സർക്കാർ പ്രഖ്യാപനം രണ്ടു വർഷം പിന്നിട്ടിട്ടും സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും നിർബാധം തുടരുന്നു. നോക്കുകുത്തിയായി 'സ്ത്രീധന നിരോധന നിയമ'വും. പാര്‍ലമെൻറിെൻറ സംയുക്ത സമ്മേളനം പാസാക്കിയ 1961ലെ സ്ത്രീധന നിരോധന നിയമവും 1984 ലെ ഭേദഗതിയും നിലനിൽക്കെയാണ് സ്ത്രീധനത്തിെൻറ പേരിലുള്ള ആത്മഹത്യ ഉൾപ്പെടെ വർധിക്കുന്നത്. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ, ആരും ആവശ്യപ്പെടാതെ വധൂവരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവുമനുസരിച്ച് നൽകുന്ന പാരിതോഷികങ്ങൾ ഇതിെൻറ നിർവചനത്തിൽപെടില്ല.
ശിക്ഷയുണ്ട്, നടപ്പാകുന്നില്ലെന്ന് മാത്രം
സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും അതിന് പ്രേരിപ്പിക്കുന്നതിനും ചുരുങ്ങിയത് അഞ്ചുവർഷം തടവിനും 15000 രൂപയോ സ്ത്രീധന തുകയോ ഏതാണോ കൂടുതല്‍ ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷയും 10,000 രൂപ പിഴയും ലഭിക്കാം.
സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയാൽ ആറുമാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയോ 15000 രൂപവരെ പിഴയോ ലഭിക്കാം. സ്ത്രീധനതുക വധുവിെൻറ പേരില്‍ നിര്‍ദേശിച്ച സമയപരിധിക്കുള്ളിൽ തിരിച്ചുനല്കിയില്ലെങ്കില് ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ തടവോ 5000 രൂപമുതല്‍ 10000 രൂപവരെ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമുള്ളവയാണ് ഇൗ കുറ്റങ്ങൾ.
തിരിഞ്ഞുകൊത്താം ഈ നിയമം
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണെന്ന വ്യവസ്ഥയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അന്തസ്സിെൻറ ഭാഗമായി കണക്കാക്കുന്നതിനാൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ക്രിമിനല്‍ കുറ്റമായി സമൂഹം കാണുന്നുമില്ല.
നൽകുന്ന സ്വർണം, കാർ, വസ്തു എന്നിവയെല്ലാം മകളുടെ ഭാവിജീവിതം ശോഭനമാക്കുന്ന ഉപഹാരങ്ങളായി മാത്രമായാണ് ആളുകൾ കാണുന്നത്. വിവാഹമോചനത്തിനുപോലും പലപ്പോഴും സ്ത്രീധന പീഡന നിയമം കാരണമായി ചൂണ്ടിക്കാട്ടാറില്ല. ഇതെല്ലാം കുറ്റവാളികൾ രക്ഷപ്പെടാൻ കാരണമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.