തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം, വിദേശ സർവകലാശാല കാമ്പസ് എന്നിവ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽനിന്ന് സി.പി.എം പിന്നോട്ടില്ല. ഇടത് നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും എ.ഐ.എസ്.എഫും രംഗത്തുണ്ടെങ്കിലും ബജറ്റ് പ്രഖ്യാപനത്തിൽ തിരുത്തലുണ്ടാവില്ല.
വിദേശ സർവകലാശാലകൾക്ക് അനുമതി കൊടുക്കാൻ കഴിഞ്ഞ വർഷം യു.ജി.സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചപ്പോൾ സി.പി.എം ശക്തമായി എതിർത്തതാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റാൻ ലക്ഷ്യമിട്ട് രണ്ടു കാര്യങ്ങളാണ് ബജറ്റിലുള്ളത്.
സ്വകാര്യ സർവകലാശാലകൾക്ക് ഏകജാലക ക്ലിയറൻസ്, നികുതി ഇളവ്, സബ്സിഡി എന്നീ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപവത്കരിക്കുമെന്നാണ് ഒന്ന്. വിദേശസർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസ് തുറക്കാനുള്ള അനുമതി പരിഗണിക്കുമെന്നതാണ് രണ്ടാമത്തേത്.
വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം വരുന്നതിനോട് താൽപര്യമില്ലാത്ത നിലപാടാണ് ഇടതുസർക്കാറുകൾ സ്വീകരിച്ചുപോന്നത്. അതു മാറി സ്വകാര്യ സർവകലാശാലകൾക്ക് ചുവപ്പുപരവതാനി വിരിക്കുന്നതാണ് ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം. വിദേശ സർവകലാശാല കാമ്പസ് സ്ഥാപിക്കാൻ അനുമതി നൽകുമെന്ന പ്രഖ്യാപനമാകട്ടെ, നാളിതുവരെയുള്ള പാർട്ടി നയത്തിന് നേർവിപരീതവുമാണ്.
സുപ്രധാനമായ ഈ നയംമാറ്റത്തിന്റെ തുടക്കം നവകേരള സദസ്സാണ്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം പൗരപ്രമുഖരുമായി പ്രാതൽ കഴിച്ച് നിർദേശങ്ങൾ സ്വീകരിച്ച മുഖ്യമന്ത്രിക്ക് മുന്നിൽ ആവർത്തിച്ചുയർന്ന ആശങ്ക, പഠിക്കാൻ വിദേശത്ത് പോകുന്നവരെക്കുറിച്ചാണ്.
പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. പൗരപ്രമുഖരുടെ ആശങ്ക അതേപടി ബജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമാണ്. കേരളത്തിൽനിന്ന് വർഷം അരലക്ഷം പേർ വിദേശത്ത് പഠിക്കാൻ പോകുന്നെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.
വിദേശ സർവകലാശാലകൾ വന്നാൽ അവർ ഇവിടെതന്നെ നിൽക്കും. മാത്രമല്ല, വിദേശ വിദ്യാർഥികളെ ഇങ്ങോട്ട് ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നു.
വിദേശ സർവകലാശാലകളുടെ വരവ് വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുമെന്ന മുൻനിലപാട് പാടേ മറന്നു. നവകേരള സദസ്സിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിന്മേലുള്ള ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാറിനെ പാർട്ടി തിരുത്തുമോയെന്നതാണ് ഇനി കാണാനുള്ളത്.
ഇടത് വിദ്യാർഥി സംഘടനകളുടെ എതിർപ്പ് സംസാരിച്ചുതീർക്കാമെന്ന് പറയുന്ന സംസ്ഥാന ഘടകം സർക്കാറിനൊപ്പമാണ്. ആ നിലയിൽ കേന്ദ്ര നേതൃത്വത്തിൽനിന്ന് ശക്തമായ ഇടപെടൽ സാധ്യത വിരളവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.