ഒറ്റപ്പാലം: മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയോട് എം.എൽ.എ കയർത്തു സംസാരിച്ച സംഭവത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് വിദ്യാർഥിയും കുടുംബവും. ഒറ്റപ്പാലം മുൻ എം.എൽ.എ എം. ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാർഥി മാധ്യമങ്ങളെ കണ്ടത്.
'ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ എന്‍റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ മുകേഷിനെ വിളിച്ചത്' വിദ്യാർഥി പ്രതികരിച്ചു.
' അദ്ദേഹം ഗൂഗിൾ മീറ്റിൽ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്. അതുകൊണ്ട് കോൾ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു. ഒരു സിനിമാതാരത്തെ വിളിക്കുന്നതുകൊണ്ടാണ് കോൾ റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കോൾ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വേറെ ആർക്കും താൻ അയച്ചുകൊടുത്തിട്ടില്ലെന്നും മീറ്റ്ന സ്വദേശിയായ വിദ്യാർഥി വിഷ്ണു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ സി.പി.എം പ്രവർത്തകരാണ്. പിതാവ് സി.ഐ.ടി.യു നേതാവാണ്. വിദ്യാർഥി ബാലസംഘം പ്രവർത്തകനാണ്. മുകേഷിനോടുള്ള ആരാധന കൊണ്ട് സുഹൃത്തിന് വേണ്ടി താരത്തെ വിളിക്കുകയായിരുന്നു. അത് മുകേഷ് മനസ്സിലാക്കുമെന്നും മുൻഎം.എൽ.എ എം.ഹംസ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എം.എൽ.എയും പാലക്കാട് സ്വദേശിയായ വിദ്യാർഥിയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. പരാതി പറയാൻ വിളിച്ച വിദ്യാർഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വൻ വിവാദമായതോടെ വിശദീകരണവുമായി എം.എൽ.എ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.