കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് അത്യാവശ്യം വേണ്ട സി.ടി സ്കാൻ ഇല്ലാതെ. പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ കാഷ്വാലിറ്റി ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം കഴിഞ്ഞിട്ടും സി.ടി സ്കാൻ എന്ന ബോർഡ് വെച്ച ഒരു മുറി മാത്രമാണുള്ളത്. അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സി.ടി സ്കാൻ എടുക്കണമെങ്കിൽ പഴയ കാഷ്വാലിറ്റി ബ്ലോക്കിൽതന്നെ എത്തണം. ഇത് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കുവരെ ചികിത്സ വൈകാൻ ഇടയാക്കുന്നു.
നിലവിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവരെ ഏകദേശം 300 മീ. അകലെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് സി.ടി സ്കാൻ എടുക്കുന്നത്. ലിഫ്റ്റിൽ രണ്ടാം നിലയിൽ കയറി ആകാശപാത വഴി ജനറൽ ആശുപത്രിലെത്തിച്ച് സി.ടി സ്കാൻ എടുത്ത് തിരികെയെത്തിക്കുമ്പോഴേക്കും രോഗിക്ക് ചികിത്സ ലഭിക്കാൻ മണിക്കൂറുകൾ വൈകും. ഇത്രയും ദൂരം ട്രോളിയിൽ കൊണ്ടുപോകുന്നതിനാൽ രോഗിക്കും കൂട്ടിരിപ്പുകാർക്കുമുണ്ടാകുന്ന ദുരിതം വേറെയും. ഇതിനാൽ അൽപം സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികളിൽ അഭയം തേടുകയാണ്. സ്വകാര്യ ആശുപത്രികളിലെ ഫീസ് താങ്ങാൻ കഴിയാത്ത നിർധനരായ സാധാരണക്കാർ മാത്രമാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്.
സി.ടി സ്കാൻ വൈകുന്നത് അപകടത്തിൽ ഗുരുതര പരിക്കേറ്റവരുടെ മരണത്തിനുവരെ കാരണമാകുമെന്ന് ഡോക്ടർമാർതന്നെ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗം പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് മാറ്റുമ്പോൾ സി.ടി സ്കാൻ സൗകര്യം ഏർപ്പെടുത്താതെ ഉദ്ഘാടനം ചെയ്യരുതെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണം കരാറെടുത്ത എച്ച്.എൻ.എൽ എല്ലാ സൗകര്യങ്ങളുമൊരുക്കി കെട്ടിടം കൈമാറുമെന്നായിരുന്നു വാഗ്ദാനമെങ്കിലും സി.ടി സ്കാൻ യന്ത്രങ്ങൾ സ്ഥാപിക്കാതെ ബോർഡ് വെച്ച് റൂം മാത്രമാണ് കൈമാറിയത്. ഇതോടെ മെഡിക്കൽ കോളജിന്റെ ഫണ്ടിൽനിന്ന് പണമെടുത്ത് കെ.എം.സി.എൽ വഴി സി.ടി സ്കാൻ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. അഞ്ചരക്കോടിയോളം മെഡിക്കൽ കോളജ് ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഉദ്ഘാടനം ചെയ്യുന്നതിന് രണ്ടുമാസം മുമ്പുതന്നെ സി.ടി സ്കാൻ സ്ഥാപിക്കാനുള്ള പ്രപ്പോസൽ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു.
ലാബ് സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സി.ടി സ്കാൻ ലാബ് തുറക്കണമെങ്കിൽ ഇനിയും മൂന്നുമാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നുതന്നെ ലഭിക്കുന്ന വിവരം. ലാബ് സജ്ജീകരണം പൂർത്തിയാക്കി അനുമതി ലഭിച്ചതിനുശേഷം മാത്രമേ പുതിയ അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ സൗകര്യം ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.