മലപ്പുറം: പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങി പാസായവർക്കും ബിരുദ പ്രവേശനം അസാധ്യമാവും. വിജയിച്ച കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകളില്ലാത്തതാണ് കാരണം. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് േകാളജുകളിലായി നിലവിൽ 60,000 സീറ്റുകളേയുള്ളൂ. കഴിഞ്ഞ വർഷം 1,20,000 അപേക്ഷകർ ഉണ്ടായിരുന്നു.
കാലിക്കറ്റിലെ സീറ്റു ക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലപ്പുറം ജില്ലയെയാണ്. എറ്റവും കൂടുതൽ കുട്ടികൾ ബിരുദ പഠനത്തിന് അർഹത നേടിയത് മലപ്പുറത്താണ്. ജില്ലയിൽ 43,733 പേരാണ് പ്ലസ്ടു പാസായത്. ഒാപൺ സ്കൂൾ വഴി പരീക്ഷ എഴുതിയ 5057 പേരും വിജയിച്ചു. വി.എച്ച്.എസ്.ഇയിൽനിന്നും 2235ഉം ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും 316ഉം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. മൂന്ന് വിഭാഗങ്ങളിലുമായി ജില്ലയിൽ ഉപരിപഠനത്തിന് അർഹരായത് 49,106 കുട്ടികളാണ്. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം കൂടി പുറത്തുവരുന്നതോടെ വിദ്യാർഥികളുടെ എണ്ണം ഇനിയും കൂടും. എട്ട് സർക്കാർ കോളജുകളും െഎ.എച്ച്.ആർ.ഡി കോളജുകളും പത്ത് എയ്ഡഡ് കോളജുകളുമാണ് ജില്ലയിലുള്ളത്. ഇതിനുപുറമേ നൂറോളം അൺ എയ്ഡഡ് കോളജുകളും ജില്ലയിലുണ്ട്. മെറിറ്റ് സീറ്റുകളിലേക്ക് ഏകജാലകം വഴിയാണ് പ്രവേശനം. ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടുമെന്നതിനാൽ മെറിറ്റിൽ ബിരുദ പ്രവേശനം ഉയർന്ന മാർക്കുള്ളവർക്ക് മാത്രമാവും. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കേ സർക്കാർ, എയ്ഡഡ് കോളജുകളിൽ ആദ്യ അലോട്ട്മെൻറിൽ പ്രവേശനം ഉറപ്പുള്ളൂ.
സംവരണ സീറ്റുകളിൽപോലും പ്രവേശനം ലഭിക്കാൻ ഉയർന്ന മാർക്ക് വേണം. അൺ-എയ്ഡഡ് കോളജുകളിൽപോലും മെറിറ്റ് സീറ്റിൽ പ്രവേശനത്തിന് നല്ല മാർക്ക് വേണ്ടിവരും. നിലവിലുള്ള കോളജുകളിൽ സീറ്റുകൾ വർധിപ്പിക്കാതെ സീറ്റ് ക്ഷാമം പരിഹരിക്കാനാവില്ല. ഇക്കുറി ചെറിയ തോതിൽ സീറ്റ് വർധന ഉണ്ടാവുമെന്നാണ് സൂചന. ഏകജാലക ഒാൺലൈൻ രജിസ്ട്രേഷെൻറ തീയതി സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാല തീരുമാനം ഉടനുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.