എടക്കര: ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട കവളപ്പാറ കോളനിക്കാര്‍ പുതിയ താവളത്തില്‍ കുടിവെള്ളം പോലുമില്ലാതെ ദുരിതത്തില്‍. കവളപ്പാറ പട്ടികവര്‍ഗ കോളനിയിലെ 32 കുടുംബങ്ങള്‍ക്കായി ഉപ്പട ആനക്കല്ലില്‍ നിര്‍മിച്ച് നല്കിയ കോളനിയിലാണ് കുടിവെള്ളവും, പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ ആദിവാസികള്‍ കടുത്ത ദുരിതത്തിലായിരിക്കുന്നത്. കുടിവെള്ളമില്ലാത്ത സാഹചര്യത്തില്‍ സമിപമുള്ള ചാലിയാര്‍ പുഴയുടെ തീരത്തേക്ക് നിരവധി കുടുംബങ്ങള്‍ താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.
കോളനിയിലെ 32 കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നിര്‍മിച്ച കിണര്‍ വറ്റിവരണ്ടതോടെയാണ് ആദിവാസികള്‍ കോളനി വീടുകള്‍ ഒഴിവാക്കി ചാലിയാര്‍ പുഴയുടെ തീരത്തേക്ക് മാറിയത്. വേനലായതോടെ നീരൊഴുക്ക് കുറഞ്ഞ് മലിനമായ ചാലിയാര്‍ പുഴയിലെ വെള്ളമാണ് ആദിവാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മാത്രവുമല്ല, പോത്തുകല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യമാണ് നിലവിലുള്ളത്. മൂന്നാഴ്ചക്കിടെ നാല് മരണങ്ങള് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് കോളനിയില്‍ നിലവിലുള്ള കിണര്‍ ആഴംകൂട്ടി ആദിവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം പട്ടികവര്‍ഗ വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിസ്സംഗത ആദിവാസികളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.