ഗതാഗത നിയമങ്ങള്‍ തുടർച്ചയായി ലംഘിക്കുന്നവർക്ക് പൊലീസിൽ 'നോ എൻട്രി'

തിരുവനന്തപുരം: ഗതാഗതനിയമ ലംഘനത്തിന് തുടർച്ചയായി ശിക്ഷിക്കപ്പെടുന്നവർക്ക് ഇനി പൊലീസിൽ നിയമനം ലഭിച്ചേക്കില്ല. ഇതിനുള്ള ചട്ടഭേദഗതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് പൊലീസ് ചട്ടത്തിൽ ഭേദഗതി വന്നാൽ ഗതാഗത നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവർക്ക് പൊലീസിലെ ഡ്രൈവർ ജോലി മരീചികയാകും.

പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ എഴുതി യോഗ്യത നേടിയാൽ ഉദ്യോഗാർഥിയെക്കുറിച്ച് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. നിലവിലെ ചട്ടപ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൽ നിയമനത്തിന് തടസ്സമില്ല. അതിനാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട നിരവധി പേർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

അടുത്തിടെ പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയ 59 പേരെക്കുറിച്ച് ഇൻറലിജൻസ് അന്വേഷണം നടത്തിയിരുന്നു. 39 പേരും ഒന്നിലധികം തവണ മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിച്ചതിന് പിഴയടച്ചവരാണ്. പലരും നിരവധി തവണ ശിക്ഷിക്കപ്പെട്ടവരാണെന്ന് ഇന്‍റലിജന്‍സ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആർക്കും ജോലി നഷ്ടപ്പെടില്ലെങ്കിലും നിയമലംഘനത്തിന് നിരന്തരം ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിയമലംഘനം പിടികൂടുന്നത് ന്യായീകരിക്കാനാകില്ലെന്ന വിലയിരുത്തൽ പൊലീസ് ഉന്നതതല യോഗത്തിലുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചട്ടഭേദഗതിയെക്കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എ.ഡി.ജി.പി കെ. പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയത്. റിപ്പോർട്ട് ലഭിച്ചാൽ സർക്കാറിനും പി.എസ്.സിക്കും ചട്ടഭേദഗതിക്കുള്ള ശിപാർശ സമർപ്പിക്കും. ഇത് സർക്കാർ അംഗീകരിച്ചാൽ നിയമലംഘകർക്ക് പൊലീസ് ഡ്രൈവർമാരായി നിയമനം ലഭിക്കില്ല. 

Tags:    
News Summary - 'No entry' in police for continuous violation of traffic rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.