കൊച്ചി: ഉണക്കമത്സ്യ കയറ്റുമതിയുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. സി.ബി.ഐയുടെ റിപ്പോർട്ടിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പ്രത്യേകിച്ച് ഒന്നും തനിക്കെതിരെ അവർക്ക് കിട്ടിയില്ല. അതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വിളിപ്പിച്ചത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം പകപോക്കലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വ്യക്തിവൈരാഗ്യം തീർക്കുകയാണ്. 2016-17 കാലഘട്ടത്തിലായിരുന്നു ലക്ഷദ്വീപ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് വഴി മത്സ്യസംഭരണം. അതിനുശേഷം രണ്ട് അഡ്മിനിസ്ട്രേറ്റർമാർ എത്തി. ഇപ്പോൾ പെട്ടെന്ന് ഈ കേസ് വരാൻ കാരണം വ്യക്തിവിരോധമാണ്. തന്നെ ഉപദ്രവിക്കാനുള്ള കള്ളക്കേസ് മാത്രമാണിത്.
ലക്ഷദ്വീപ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന് സ്വയംഭരണ സ്ഥാപനമാണ്. അതിന്റെ ഭരണസമിതിയിൽ അംഗം പോലുമല്ലാത്ത തനിക്കെതിരായ അന്വേഷണത്തിന്റെ ലക്ഷ്യം വേട്ടയാടലാണ്. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചു എന്ന കാരണം കൊണ്ടാണ് ഈ കേസുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ കള്ളപ്പണ ഇടപാട് കേസിൽ ഫൈസലിനെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.