തിരുവനന്തപുരം: പാസ്വേഡും ഒ.ടി.പിയും ആവശ്യമില്ലാത്ത ബാങ്കിങ് സംവിധാനമായ ആധാർ എനേബിൾഡ് പേയ്മെന്റ് സംവിധാനത്തിന്റെ (എ.ഇ.പി.എസ്) സുരക്ഷക്ക് വെല്ലുവിളിയായി കേന്ദ്രത്തിന്റെ പുതിയ പരീക്ഷണം. ആധാർ നമ്പർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വഴി മറ്റ് തിരിച്ചറിയൽ വിവരങ്ങളില്ലാതെ കൈവിരലടയാളമോ നേത്ര വിവരമോ നൽകി പണം പിൻവലിക്കാമെന്നതാണ് എ.ഇ.പി.എസിന്റെ പ്രത്യേകത. എന്നാൽ ഇനിമുതൽ പണം പിൻവലിക്കാൻ കൈവിരലിനും നേത്ര വിവരങ്ങൾക്കും പകരം ‘മുഖം തിരിച്ചറിയൽ’ (ഫേസ് ഓതന്റിക്കേഷൻ) മതിയെന്നാണ് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.എസ്.ഐ)യുടെ സർക്കുലർ. കൈവിരലടക്കം സൂക്ഷ്മ തിരിച്ചറിയൽ സംവിധാനങ്ങളുണ്ടായിട്ട് പോലും എ.ഇ.പി.എസ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതിനിടെയാണ് സുരക്ഷയിലെ കേന്ദ്രത്തിന്റെ കൈയ്യയക്കൽ.
ഫിംഗർപ്രിന്റ് സ്കാനറും ഐറിസ് സ്കാനറും ഒഴിവാക്കി സ്മാർട്ട് ഫോൺ വഴി എ.ഇ.പി.എസ് ഇടപാടുകൾ നടത്താമെന്നതാണ് പുതിയ സംവിധാനത്തിന്റെ സൗകര്യമായി നാഷനൽ പേയ്മെന്റ് കോർപറേഷൻ വിശദീകരിക്കുന്നത്. അതേസമയം പണം പിൻവലിക്കാൻ ആധാർ ഒ.ടി.പിയോ വിരലടയാളമോ വേണം എന്നിടത്തുനിന്ന് മുഖത്തിന്റെ ഓതന്റിക്കേഷൻ മതി എന്ന മാറ്റം അക്കൗണ്ട് ഉടമയുടെ അധികാരം കുറയ്ക്കുകയാണെന്നാണ് വിമർശനം.
ആധാർ ഉപയോഗിച്ച് ഏതൊരു ബാങ്കിന്റെയും അംഗീകൃത ബിസിനസ് കറസ്പോണ്ടന്റ് മുഖേന മൈക്രോ എ.ടി.എം കിയോസ്ക്, മൊബൈൽ ഉപകരണങ്ങളിലൂടെ ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് എ.ഇ.പി.എസ്. നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ സംവിധാനത്തിന് പിന്നിൽ. ആധാർ ലിങ്ക് ചെയ്ത എല്ലാ അക്കൗണ്ട് ഉടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾക്ക് സാധുവായ ആധാർ നമ്പർ ഉണ്ടായിരിക്കണം, അത് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം എന്നിങ്ങനെ രണ്ട് നിബന്ധനകൾ മാത്രമാണ് ഈ സംവിധാനത്തിന് ആവശ്യമുള്ളത്. ഇടപാടുകൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കുകയോ, കാർഡുകൾ കൊണ്ടുനടക്കുകയോ, പിൻ അല്ലെങ്കിൽ പാസ്വേഡുകൾ ഓർത്തുവെക്കുകയോ വേണ്ട എന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.