തൃശൂർ: സംസ്ഥാന വിവരാവകാശ കമീഷന് ഇ-മെയിൽ വഴി സമർപ്പിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും നിയമപ്രകാരം ലഭിക്കേണ്ട കൈപ്പറ്റ് രസീത് നൽകുന്നില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കമീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെ, വീഴ്ചപറ്റിയതാണെന്ന് കമീഷൻ വിശദീകരണക്കുറിപ്പിറക്കി.
സംസ്ഥാന വിവരാവകാശ കമീഷന്റെ പ്രവർത്തനം സംബന്ധിച്ച ചില വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകൻ പി.ബി. സതീഷ് ഇ-മെയിൽ വഴി അപേക്ഷ അയച്ചിരുന്നു. അതോടൊപ്പം കമീഷൻ സെക്രട്ടറിയുടെ ഓഫിസിൽ വിളിച്ച് ഇ-മെയിൽ വഴി അപേക്ഷ അയച്ചതായും അതിന് മെയിൽ വഴി കൈപ്പറ്റ് രസീത് തരണമെന്നും ആവശ്യപ്പെട്ടു. പൊതുഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരം പൗരന്മാരിൽനിന്ന് ഇ-മെയിൽ വഴി അപേക്ഷ/പരാതി/നിവേദനം ലഭിച്ചാൽ മറുപടി മെയിലിൽ രസീത് അയക്കണം. ഇക്കാര്യം സതീഷ് തന്റെ അപേക്ഷയിൽ പറയുകയും ചെയ്തിരുന്നു. പല തവണ അപേക്ഷകൻ കമീഷൻ ഓഫിസിൽ വിളിച്ച് രസീത് ലഭ്യമാക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകാം എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും രസീത് കിട്ടിയില്ല.
ഈ സമീപനം വിവരാവകാശനിയമത്തിന്റെ ലക്ഷ്യത്തെതന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കമീഷൻ സെക്രട്ടറിക്കെതിരെ സതീഷ് പൊതുഭരണ ഏകോപന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.
ഇതിൽ സർക്കാർ കമീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനുള്ള മറുപടിയിലാണ് വിവരാവകാശ അപേക്ഷക്ക് കൈപ്പറ്റ് രസീത് നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപെട്ടെന്നും ഇനി ഇ-മെയിൽ മുഖേന ലഭിക്കുന്ന വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഉൾപ്പെടെയുള്ള എല്ലാ പരാതികൾക്കും അപേക്ഷകൾക്കും കൈപ്പറ്റ് രസീത് നൽകാൻ സർക്കുലർ ഇറക്കിയതായും കമീഷൻ സർക്കാറിനെ അറിയിച്ചത്.
2008 മുതൽ 2024 വരെ സംസ്ഥാന വിവരാവകാശ കമീഷനിൽ പരാതികളും രണ്ടാം അപ്പീലുകളും ഉൾപ്പെടെ 6845 കേസുകളിൽ അന്തിമ ഉത്തരവ് ലഭിക്കാതെ കെട്ടിക്കിടക്കുന്നതായും സതീഷ് ചൂണ്ടിക്കാട്ടി.
കേസുകൾ തീർപ്പാക്കാനുള്ള ശ്രമം കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കമീഷൻ ഓഫിസിൽനിന്ന് ലഭിക്കുന്ന ഉത്തരവുകൾ തെളിച്ചമില്ലാതെയും തെളിയാത്ത വാക്കുകൾ പേന കൊണ്ട് തിരുത്തിയ നിലയിലുമാണ്. ഔദ്യോഗിക രേഖകളിൽ ഇത്തരത്തിൽ ചെയ്യുന്നത് കുറ്റകരമാണെന്ന് സതീഷ് പറയുന്നു. ഇതു സംബന്ധിച്ച് കമീഷൻ സെക്രട്ടറിയെ പരാതി അറിയിച്ചപ്പോൾ തെളിച്ചമുള്ള രേഖകൾ ഇ- മെയിലായും തപാൽമാർഗവും കിട്ടിയെന്നും സതീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.