തിരുവനന്തപുരം: പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്താൻ വൻതുക ഫീസ് ഈടാക്കുമെന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് മന്ത്രി കെ. രാജൻ. നിയമഭേദഗതി ഗവർണർ ഒപ്പിട്ടശേഷമേ ഭൂപതിവുചട്ടങ്ങളിൽ ഭേദഗതി വരുത്തുകയുള്ളൂ. ഇതിനെല്ലാം മുേമ്പ ചട്ടഭേദഗതി ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ഭൂപതിവ് നിയമഭേദഗതി സംബന്ധിച്ച് ലഭിച്ച പരാതികൾ ഗവർണർ സർക്കാറിന് അയച്ചുനൽകിയതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്റെ മുന്നിൽ പരാതികളോ സംശയങ്ങളോ വന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ മുന്നിൽ പരാതികൾ വന്നതിനെക്കുറിച്ച് അറിയില്ലെന്നും ഗവർണർ ചോദിച്ചാൽ വിശദീകരണം നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സർവേ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 1.53 ലക്ഷം ഹെക്ടർ ഭൂമി അളന്നുകഴിഞ്ഞു. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 1,22,297 പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പട്ടയ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. കോളനി പട്ടയങ്ങൾ, പുറമ്പോക്ക് ഭൂമിയിലെ പട്ടയങ്ങൾ ഉൾപ്പെടെ തടസ്സങ്ങൾ ഇതുവഴി പരിഹരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.