മഞ്ചേരി: അപകടത്തിൽപെട്ട് വർക്ക്ഷോപ്പിലായിരുന്ന ഗവ. മെഡിക്കൽ കോളജിലെ ആംബുലൻസ് അറ്റകുറ്റപ്പണിക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചെങ്കിലും റോഡിലിറക്കാനാകില്ല. വണ്ടി നന്നായപ്പോഴേക്കും ഇൻഷുറൻസും ജി.പി.എസും ഫിറ്റ്നസും ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. നാലുമാസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകും വഴിയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ഇതോടെ വണ്ടി മഞ്ചേരി തുറക്കലിലെ വർക്ക്ഷോപ്പിൽ കയറ്റി.
ആംബുലൻസ് നന്നാക്കും മുമ്പ് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ പരിശോധന നടത്തുകയും കോഴിക്കോട്ടെ റീജനൽ ഓഫിസിൽ നിന്നുള്ള അനുമതിയും വേണ്ടതുണ്ടായിരുന്നു. ഇതിനായി മാസങ്ങളാണ് കാത്തിരുന്നത്. ഒടുവിൽ അനുമതി വാങ്ങി വാഹനം നന്നാക്കിയപ്പോഴേക്കും ഇൻഷുറൻസ് കാലാവധി കഴിഞ്ഞു. ഇൻഷുറൻസ് പുതുക്കി ജി.പി.എസ് ഘടിപ്പിച്ച ഫിറ്റ്നസ് ലഭിച്ചാൽ മാത്രമേ വണ്ടി പുറത്തിറക്കാൻ സാധിക്കൂ.
നിലവിൽ രണ്ട് ആംബുലൻസ് മാത്രമാണ് മെഡിക്കൽ കോളജിൽ ഉള്ളത്. അതിലൊന്ന് കട്ടപ്പുറത്ത് ആയതോടെ നിലവിലുള്ള ഐ.സി.യു ആംബുലൻസിലാണ് രോഗികളെ കൊണ്ടുപോകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ ഡി.എം.ഇക്ക് കീഴിലെ ചെറിയ ആംബുലൻസും ഉപയോഗപ്പെടുത്തും. ആദിവാസി മേഖലകളിലേക്ക് മറ്റും സർവീസ് നടത്തിയിരുന്ന ആംബുലൻസ് കേടായതോടെ നിർധന രോഗികൾക്ക് പണം നൽകി വാഹനം വിളിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് പുതുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ ആംബുലൻസ് ഇൻഷുറൻസ് അടച്ച് നിരത്തിലിറക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അക്ബർ മീനായി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് പയ്യനാട് അധ്യക്ഷത വഹിച്ചു. മഞ്ചേരി നഗരസഭ പ്രസിഡന്റ് പി.സി. ഷബീർ, ഭാരവാഹികളായ അലി മുക്കം, സുനിൽ ജേക്കബ്, റിയാസ് പാലായി, ജോർജ് പിലാക്കൽ, കെ. ടി.യു.സി ജേക്കബ് ഓട്ടോ തൊഴിലാളി യൂനിയൻ മഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് റാഷിദ് ചെറുവണ്ണൂർ, നഗരസഭ ഭാരവാഹികളായ നാസർ പുല്ലാര, റാഫി എളങ്കൂർ, ഷറഫു, ഫസൽ മുടിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.