ഗുരുവായൂര്‍: മമ്മിയൂര്‍ ജങ്ഷനില്‍ പൊലീസിന്റെ വാഹന പരിശോധനക്ക് വിധേയനായ ആള്‍ക്കൊരു മോഹം... തന്നെ പരിശോധിച്ച പൊലീസിന്റെ ജീപ്പും ഒന്ന് പരിശോധിച്ചുകളയാമെന്ന്. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അമിത വേഗതക്ക് കരിമ്പട്ടികയിലായ ജീപ്പാണിതെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി അഞ്ചുമാസംമുമ്പ് കഴിഞ്ഞുവെന്നുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍.

കെ.എല്‍ 01 ബി.ക്യു 5430 നമ്പര്‍ പൊലീസ് വാഹനത്തെക്കുറിച്ച് പരിവാഹന്‍ ആപ്പിലൂടെ പരിശോധിച്ചത്. തിരുവനന്തപുരം ആര്‍.ടി.ഒ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനമാണ് ഈ നമ്പറിലുള്ളതെന്നാണ് പരിവാഹന്‍ നല്‍കിയ വിവരം.

ഇതിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ 2022 ജൂലൈ നാലിന് കഴിഞ്ഞതായും ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഉപയോഗിക്കുന്നതാണ് ഈ വാഹനം. 2015 ഫെബ്രുവരി 22ന് ചാലക്കുടിയിലൂടെ അമിത വേഗത്തില്‍ പാഞ്ഞതിനാണ് പിഴ വിധിച്ചിരുന്നത്. ഇത് അടക്കാതിരുന്നതിനെ തുടര്‍ന്നാണ് കരിമ്പട്ടികയിലായത്.

എന്നാല്‍, ഇന്‍ഷുറന്‍സ് അടച്ചതാണെന്നും പരിവാഹനില്‍ അപ്‌ഡേറ്റ് ചെയ്യാത്തത് ആപ്പിന്റെ കുഴപ്പമാണെന്നും ടെമ്പിള്‍ ഇന്‍സ്പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ മാധ്യമത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പൈലറ്റായി പോയ സമയത്തെ വേഗതക്കാണ് അമിത വേഗതക്ക് പിഴ ചുമത്തിയതെന്നും അറിയിച്ചു.

നേതാക്കള്‍ ഇങ്ങനെ പാഞ്ഞാല്‍ പൊലീസ് വാഹനങ്ങള്‍ കരിമ്പട്ടികയിലാകും

ഗുരുവായൂര്‍: നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ച വേഗ പരിധികളെ മറികടന്ന് ഭരണകര്‍ത്താക്കള്‍ പായുമ്പോള്‍ പൈലറ്റായി പോകുന്ന പൊലീസ് വാഹനങ്ങളാണ് ആപ്പിലാകുന്നത്. മുഖംനോക്കാതെ നടപടിയെടുക്കുന്ന കാമറകള്‍ പൊലീസ് വാഹനത്തിന്റെ ചിത്രവും ഗതാഗതവകുപ്പിന് കൈമാറുകയാണ്.

അമിത വേഗതക്ക് പിഴ നല്‍കാന്‍ നോട്ടീസ് നല്‍കുമെങ്കിലും കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നടത്തിയ യാത്രക്ക് പിഴയടക്കാന്‍ പൊലീസ് തയാറാകാറില്ല. ഗതാഗത വകുപ്പ് നടപടിയൊന്നും എടുക്കാറില്ലെങ്കിലും പിഴ നല്‍കാത്ത വാഹനങ്ങളുടെ കരിമ്പട്ടികയിലേക്ക് പൊലീസ് വാഹനത്തിന്റെ നമ്പറും ഉള്‍പ്പെടുത്തും.

എം പരിവാഹന്‍ പോലുള്ള ആപ്പുകള്‍ ഉള്ളതിനാല്‍ ഏതൊരു വാഹനത്തിന്റെയും വിശദാംശങ്ങള്‍ ആര്‍ക്കും ലഭിക്കും. തങ്ങളുടെ വാഹനത്തിന് പിഴയീടാക്കുന്ന പൊലീസിന്റെ വാഹനവും ജനം പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ഈ വാഹനങ്ങള്‍ കരിമ്പട്ടികയിലാണെന്നത് പുറത്തറിയുകയും ചെയ്യും. മന്ത്രിമാരടക്കമുള്ള ഭരണകര്‍ത്താക്കള്‍ അമിത വേഗത്തില്‍ പായുന്ന പല സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത വകുപ്പിന്റെ കരിമ്പട്ടികയിലുണ്ട്.

Tags:    
News Summary - no insurance for the vehicle-police troubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.