മാർച്ച് ഒന്നുമുതൽ ദീർഘദൂര സ്വകാര്യ ബസുകളില്ല; നടപടി പിൻവലിപ്പിക്കാൻ സമ്മർദം

കോട്ടയം: സംസ്ഥാനത്ത് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാർച്ച് ഒന്നിന് നിലവിൽ വരും. കെ.എസ്.ആർ.ടി.സിക്ക് ഗുണകരവും യാത്രക്കാർക്കും സ്വകാര്യ ബസുടമകൾക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിൻവലിപ്പിക്കാൻ വൻസമ്മർദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മേൽ സർവിസ് നടത്താൻ അനുമതി നൽകേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിർദേശപ്രകാരം സർക്കാർ എടുക്കുന്നത്. സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റുനൽകാൻ കേരള മോട്ടോർ വാഹന ചട്ടങ്ങൾ അനുവദിക്കുന്നില്ല.

പിന്നീട്, 2022 ഒക്ടോബറിൽ റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസവും ഗതാഗത ക്ലേശവും പരിഗണിച്ച് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് നാലു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയായിരുന്നു. ഇതിന്‍റെ കാലാവധിയാണ് 2023 ഫെബ്രുവരി 28ന് അവസാനിക്കുന്നത്.

പെർമിറ്റ് പുതുക്കി നൽകുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്നതിനാൽ താൽക്കാലിക പെർമിറ്റ് അനുവദിക്കേണ്ടെന്നാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. സംസ്ഥാനത്ത് ഏകദേശം 200 ബസുകളെയാണ് നടപടി ബാധിക്കുക. ഇതിൽ ഏറെയും മധ്യകേരളത്തിൽനിന്ന് മലബാറിലെ കുടിയേറ്റ മേഖലകളിലേക്ക് സർവിസ് നടത്തുന്നവയാണ്. മധ്യകേരളത്തിൽ സർക്കാറിനോട് ഏറെ അടുപ്പമുള്ള മുൻ ബിഷപ്പിന്‍റെ നേതൃത്വത്തിൽ ഗതാഗതവകുപ്പിന്‍റെ തീരുമാനം പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ഇടുക്കിയുടെയും എറണാകുളത്തിന്‍റെയും മലയോര മേഖലയിലുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനമെന്നതാണ് ബിഷപ്പിന്‍റെ ഇടപെടലിന് പ്രധാന കാരണം. ഇതിനായി നിയമം ഭേദഗതി ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.പരീക്ഷ ആരംഭിച്ചിരിക്കുന്ന ഈ സമയത്ത് പെർമിറ്റുകൾ പുതുക്കി നൽകാത്തത് വിദ്യാർഥികൾക്ക് യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് ബസുടമകളും ചൂണ്ടിക്കാട്ടുന്നു. ഏറെയും വനമായ ഇടുക്കിയിൽ 140 കിലോമീറ്റർ ആയി ബസ് സർവിസ് നിജപ്പെടുത്തിയാൽ ഏതെങ്കിലും ഉൾ വനങ്ങളിൽ സർവിസുകൾ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ബസുടമകളുടെ നിപാട്. ഇടുക്കി ജില്ലയിൽ പ്രത്യേക പരിഗണന നൽകി പെർമിറ്റുകൾ പുതുക്കി നൽകണമെന്ന് കോതമംഗലം ബസ് ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - No long-distance private buses from March 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.