തിരുവനന്തപുരം: പത്ത് വിജയിച്ചവർക്ക് ഉപരിപഠനത്തിനുള്ള രൂക്ഷ പ്രതിസന്ധിയുടെ സാഹചര്യത്തിൽ പത്ത് ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. എന്നാൽ പുതിയ ബാച്ചുകളില്ല. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും സീറ്റ് വർധന വരുത്തും. ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകള്‍ക്ക് 10 ശതമാനംകൂടി വർധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍- എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഹയർ സെക്കൻഡറി സ്കൂളുകളിൽ കഴിഞ്ഞ വർഷം അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരും. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച രണ്ട് സയൻസ് ബാച്ചുകളും ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെ 81 താൽക്കാലിക ബാച്ചുകളാണ് തുടരുക. ഇക്കൊല്ലത്തെ ഏകജാലകം വഴിയാകും അധിക സീറ്റുകളിലെയും പ്രവേശനം. അലോട്ട്മെന്റിന്റെ ആദ്യ ഘട്ടം മുതൽ ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്താനാകുമെന്നാണ് കരുതുന്നത്. പ്രവേശന നടപടികൾ പരിശോധിച്ച ശേഷം തുടർതീരുമാനങ്ങൾ കൈക്കൊള്ളാനും ധാരണയായി.
കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് ഇക്കുറിയും പ്ലസ് വൺ സീറ്റ് വർധന. സീറ്റ് വർധിപ്പിച്ചിട്ടും മലബാറിൽ പത്ത് പാസായ വിദ്യാർഥികളിൽ വലിയൊരു ശതമാനത്തിന് ഓപൺ സ്കൂൾ ആശ്രയിക്കേണ്ടിവന്നു. 2022ൽ ഓപൺ സ്കൂളിൽ ചേർന്ന 38,726 കുട്ടികളിൽ 31,234 പേരും മലബാറിൽനിന്നാണ്. അതിൽ 15,988 പേരും മലപ്പുറം ജില്ലയിൽനിന്നുമായിരുന്നു. മലബാറിലെ പ്ലസ്വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 150 ഓളം അധിക ബാച്ചുകൾ ആരംഭിക്കണമെന്ന് പ്രഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുത്തില്ല. കഴിഞ്ഞ വർഷം പ്ലസ് വണിന് അവസാന സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായപ്പോഴും 5000 ലേറെ കുട്ടികൾ സീറ്റിനായി ബാക്കിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.