മലപ്പുറം: പ്ലസ് വൺ പ്രവേശനം ആരംഭിച്ചിരിക്കെ, പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠന സ്വപ്നങ്ങൾ തകർക്കും. 20 ശതമാനം വർധന ചേർത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ മെറിറ്റിലും നോൺ മെറിറ്റിലുമായി ആകെ സീറ്റുകളുടെ എണ്ണം 61,615 ആണ്. 43,127 മാത്രമാണ് മെറിറ്റ് സീറ്റുകൾ. ബാക്കി 18,488 എണ്ണം നോൺമെറിറ്റോ അൺ എയ്ഡഡോ ആണ്. 77,837 അപേക്ഷകരുള്ള ജില്ലയിൽ ഫീസ് കൊടുത്താൽ പോലും 16,222 വിദ്യാർഥികൾക്ക് സ്കൂൾ ഗോയിങ്ങിൽ റഗുലറായി ഹയർ സെക്കൻഡറി പഠനം സാധ്യമാവില്ല.
വി.എച്ച്.എസ്.ഇ, പോളി ടെക്നിക്, ഐ.ടി.ഐ തുടങ്ങിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവരിൽ ആറായിരത്തിൽ താഴെപേർക്ക് മാത്രമേ പൊതുമേഖലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കൂ. അയ്യായിരത്തിലധികം സീറ്റുകൾ അൺ എയ്ഡഡോ നോൺ മെറിറ്റോ ആണ്. ഇതിൽ ഫീസ് നൽകണം. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി കണക്കെടുത്താൽ 8372 പ്ലസ് വൺ സീറ്റുകളുടെ കുറവ് ജില്ലയിലുണ്ട്. 167 ബാച്ചുകൾ കൂടി വേണമെന്നാണ് ഹയർ സെക്കൻഡറി വിഭാഗത്തിൻറെ കണ്ടെത്തൽ. എന്നാൽ, സാമ്പത്തിക ബാധ്യതയില്ലാതെ ജില്ലയിലെ വിദ്യാർഥികൾക്ക് ഉപരിപഠനം നടത്തണമെങ്കിൽ ഇതിൻറെ ഇരട്ടിയോളം ബാച്ചുകൾ അധികമായി അനുവദിക്കേണ്ടതുണ്ട്.
75,554 പേരാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഉപരിപഠന യോഗ്യരായത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു വിഭാഗങ്ങൾ ചേർന്നതോടെ പ്ലസ് വൺ അപേക്ഷകരുടെ എണ്ണം 77,837 ആയി ഉയർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണ 18,970 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 6,447 ആയിരുന്നു. വലിയ വർധനയാണ് എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായത്. ഇഷ്ട സ്കൂളുകളും വിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കുന്നതിൽ ഇതോടെ മത്സരം കടുത്തു. വീടിന് ഏറെ അകലെയുള്ള വിദ്യാലയങ്ങളിലാണ് പലർക്കും പ്രവേശനം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.