ന്യൂഡൽഹി: കേരളത്തിൽ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന ഹരജിയുമായി നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുപ്രീംകോടതിയെ സമീപിച്ചു.
അഡ്വ. അങ്കുർ എസ്. കുൽകർണി മുഖേന ഫയൽ ചെയ്ത ഹരജി വ്യാഴാഴ്ച പരിഗണിച്ചേക്കും. സാമൂഹിക പരിഷ്കരണം നടന്ന കേരളത്തിൽ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പിന്നാക്ക സംവരണം ആവശ്യമില്ലെന്ന് ബോധിപ്പിച്ച ഹരജി ഇനിയും സംവരണം തുടർന്നാൽ അത് സാമൂഹിക അനീതിക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആറ് ദശകങ്ങളായി തുടരുന്ന ജാതി അടിസ്ഥാനത്തിലുള്ള സംവരണം സമൂഹത്തിൽ വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും വിദ്യാഭ്യാസം, സർക്കാർ സർവിസിലെ ജോലി എന്നിവയിൽ മുന്നാക്ക വിഭാഗത്തിൽപെട്ട നായർ സമുദായാംഗങ്ങൾക്ക് പ്രതികൂല സാഹചര്യമാണെന്നും ഹരജിയിൽ പറയുന്നു. ഭൂപരിഷ്കരണ നിയമത്തിന് മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ഭൂമി അധികമുണ്ടായിരുന്നത് നായർ സമുദായത്തിനായിരുന്നു. പിന്നീടത് ഈഴവ സമുദായത്തിനായി. എന്നിട്ടും ഭൂപരിഷ്കരണത്തിന് മുമ്പും ശേഷവും സർക്കാർ രേഖകളിൽ നായർ സമുദായത്തിൽ പെട്ടവർ മുന്നാക്കക്കാരും ഈഴവർ പിന്നാക്കക്കാരുമായി തുടരുകയാണ്.
എം. നാഗരാജ് കേസിൽ സുപ്രീംകോടതി നിർദേശിച്ച സ്ഥിതി വിവര ശേഖരണം പൂർത്തിയാകുംവരെ കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിർത്തിവെക്കണം. പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് ജാതി മാനദണ്ഡമാക്കുന്നത് അവസാനിപ്പിക്കണം. പകരം എല്ലാ പൗരന്മാർക്കും തുല്യ അവസരം നൽകണം. ജാതികളിലെ ചില വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കണമെന്നും ഹരജിയിൽ വ്യക്തമാക്കി.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റത്തിൽ സംവരണത്തിനുള്ള ചർച്ച സജീവമായതിനിടയിലാണ് ജാതി സംവരണത്തെ നിരാകരിക്കുന്ന എൻ.എസ്.എസ് ഹരജി. മുമ്പ് ജാതി സംവരണത്തിനെതിരെ നിയമയുദ്ധത്തിന് എൻ.എസ്.എസ് നീക്കമുണ്ടാെയങ്കിലും പിന്നീട് അതിൽനിന്ന് പിന്നാക്കം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.