മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മെഡലുകൾ വിതരണം ചെയ്യുന്നു

‘സേനക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സർവീസിൽ തുടരില്ല’; പൊലീസ് മെഡലുകൾ വിതരണം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സർവീസിൽ തുടരില്ലെന്നും കുറ്റക്കാരെ പിരിച്ചുവിടുന്ന നടപടികൾ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും നിർഭയമായി കടന്നുചെല്ലാനാകുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് രൂപീകരണ വാർഷികത്തോട് അനുബന്ധിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“ജനങ്ങളുടെ സേവകരാകേണ്ട ഈ സേനയിൽ ചിലർ ജനങ്ങളുടെ യജമാനന്മാരാണ് എന്ന രീതിയിൽ പെരുമാറുകയാണ്. ഇത് സേനയെ കളങ്കപ്പെടുത്തുന്ന നിലപാടാണ്. ആ പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയുടെ സംശുദ്ധിയെ ബാധിക്കുന്ന തരം പ്രവൃത്തിയിൽ ഏർപ്പെടുന്ന ഒരാളും സർവീസിൽ വേണ്ടെന്നു തന്നെയാണ് സർക്കാറിന്റെ നിലപാട്. ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നടപടി തന്നെ സ്വീകരിച്ച് വരുന്നുണ്ട്. സേനക്ക് യോജിക്കാത്ത പ്രവർത്തനം കാഴ്ചവെച്ച 108 പേരെ പിരിച്ചുവിട്ടു.

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ്. കേരള രൂപീകരണം മുതൽ കേരള പൊലീസ് വരിച്ച വളർച്ച സമാനതകൾ ഇല്ലാത്തതാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഇടത് സർക്കാരുകൾക്ക് കൃത്യമായ പൊലീസ് നയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസ് എട്ട് വർഷം കൊണ്ട് വളർന്നു. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി” -മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ വിവിധ സർവീസുകളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്ക് മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്തു. എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന രൂപീകരണ വാർഷിക ചടങ്ങിലാണ് മെഡലുകൾ വിതരണം ചെയ്തത്. അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഡിവൈ.എസ്.പി അനീഷ് എന്നിവർക്ക് മെഡൽ നൽകിയില്ല. ആകെ 266 ഉദ്യോഗസ്ഥർക്കാണ് മെഡലുകൾ വിതരണം ചെയ്തതത്. പൊലീസ് സേന രൂപീകരണ വാഷികത്തോടനുബന്ധിച്ച് നടന്ന പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് ഏറ്റുവാങ്ങി.

Tags:    
News Summary - 'No one who brings disrespect to the force will continue in service'; CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.