തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെയൊപ്പം ഫോട്ടോയെടുത്തെന്ന കാരണത്താൽ ഒരാൾക്കും സംരക്ഷണം ലഭിക്കില്ല. തെറ്റ് ചെയ്തയാളെ സംരക്ഷിക്കില്ല -മുഖ്യമന്ത്രി പറഞ്ഞു.
'ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്‍റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാൾ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്' -മുഖ്യമന്ത്രി വ്യക്തമാക്കി.
മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാൻ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് മാധ്യമപ്രവർത്തകൻ ദീപക് ധർമടത്തിനെതിരെ ഉയർന്ന ആരോപണം. 24 ന്യൂസ് ചാനലിെൻറ മലബാർ റീജനൽ ചീഫായിരുന്ന ദീപക് ധർമടത്തിനെ ഇതേത്തുടർന്ന് ചാനൽ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുമൊത്തുള്ള ദീപക് ധർമടത്തിന്‍റെ ചിത്രങ്ങൾ പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.