തിരുവനന്തപുരം: ശമ്പള മുടക്കം രണ്ട് മാസം പിന്നിട്ടതോടെ സേവനം നിർത്തിവെക്കാനൊരുങ്ങി സംസ്ഥാനത്തെ എൻ.എച്ച്.എം ജീവനക്കാർ. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പുമായി സി.ഐ.ടി.യു സർക്കാറിന് കത്ത് നൽകിയത്. ആംബുലൻസ് ഡ്രൈവർമാരും ഫാർമസിസ്റ്റുകളും മുതൽ നഴ്സുമാരും ഡോക്ടർമാരും വരെ നീളുന്ന സേവന ശൃംഖല നിശ്ചലമാകുന്നതോടെ ആരോഗ്യമേഖലയിൽ ഗുരുതര പ്രതിസന്ധിയാണുണ്ടാവുക. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഒരുദിവസം വൈകിയപ്പോൾ വലിയ ചർച്ചയായെങ്കിൽ, രണ്ട് മാസമായി ശമ്പളം മുടങ്ങിയ തങ്ങളുടെ കാര്യത്തിൽ അലംഭാവം തുടരുന്ന അധികൃത നിലപാടിൽ കടുത്ത അമർഷമാണ് ജീവനക്കാർക്കുള്ളത്.
ഡോക്ടർമാർ മാത്രം 1400 പേരാണ് വിവിധ ജില്ലകളിൽ ജോലിചെയ്യുന്നത്. ആരോഗ്യവകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമായ ‘ദിശ’, വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ഓൺലൈൻ-ടെലി മെഡിസിന് കണ്സള്ട്ടേഷന് സംവിധാനമായ ഇ-സഞ്ജീവനി എന്നിവയെല്ലാം പ്രവർത്തിക്കുന്നത് എൻ.എച്ച്.എം ജീവനക്കാരെ കൊണ്ടാണ്. ഇതിന് പുറമേയാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കൽ കോളജുകളിലുമടക്കം വിവിധ ആശുപത്രികളിലും ജോലിചെയ്യുന്ന 6000ഓളം നഴ്സുമാർ.
മാർച്ച് ഏഴിന് ശമ്പളം കിട്ടില്ലെങ്കിൽ നിസ്സഹകരണവും 15ന് ശേഷം സ്ഥിതി തുടർന്നാൽ ജോലിയിൽനിന്ന് പൂർണമായും വിട്ടുനിന്നുള്ള സമരവുമാണ് തീരുമാനിച്ചിരിക്കുന്നത്. എട്ടുമുതൽ ആരംഭിക്കുന്ന നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ഫീൽഡ് സന്ദർശനങ്ങളും ക്യാമ്പുകളും റിപ്പോർട്ടിങ് പ്രവർത്തനങ്ങളും നിർത്തിവെക്കും. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദർശനങ്ങൾ, രാഷ്ട്രീയ് ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതിയുടെ ഭാഗമായ സന്ദശനങ്ങൾ എന്നിവയാണ് നിർത്തിവെക്കുക. ആശുപത്രികളിൽനിന്ന് പകർച്ചവ്യാധികളുടെയടക്കം വിവരം പ്രതിദിനം സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്യുന്നത് എൻ.എച്ച്.എം ജീവനക്കാരാണ്.
കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിൽ സംയുക്തമായാണ് എൻ.എച്ച്.എം പദ്ധതികൾക്ക് ചെലവ് വഹിക്കുന്നത്. എൻ.എച്ച്.എം ജീവനക്കാരുടെ വേതനം വർധിപ്പിച്ചതായി ആറ് മാസം മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇനിയും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.